കോയമ്പത്തൂർ: വിവാദമായ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ കോയമ്പത്തൂർ മഹിളാ കോടതി ചൊവ്വാഴ്ച വിധിപറയും. ആറുവർഷം മുൻപുനടന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൊള്ളാച്ചി സ്വദേശികളായ എൻ. ശബരിരാജൻ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാർ (30), ആർ. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം. അരുൺകുമാർ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് കേസ് വിധിപറയാൻ മാറ്റിവെച്ചത്. ജഡ്ജി ആർ. നന്ദിനിദേവിയാണ് വിധിപറയുക. ഇവരെ അടുത്തിടെ കരൂരിലേക്ക് സ്ഥലംമാറ്റിയെങ്കിലും വിധിപറയാൻ മാത്രമായി ചൊവ്വാഴ്ച മഹിളാകോടതിയിലെത്തും.
തമിഴ്‌നാട്ടിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച കേസാണിത്. 2016-നും 2018-നുമിടയിൽ പ്രതികൾ പൊള്ളാച്ചിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ നിരവധി വിദ്യാർത്ഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം ചെയ്യുകയും അത് വീഡിയോയിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. 2019 ഫെബ്രുവരി 24-ന് പൊള്ളാച്ചി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 19-കാരിയായ കോളേജ് വിദ്യാർത്ഥിനി നൽകിയ പരാതിയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. 12 ദിവസംമുൻപ് തന്നെ നാലുപേർ ഓടുന്ന കാറിൽവെച്ച് പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തതായി വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ സ്വർണമാല കവർന്നതായും പരാതിയിൽ വ്യക്തമാക്കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ വീഡിയോദൃശ്യങ്ങൾ കണ്ടെത്തി. പ്രതികൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടത്. കേസിലെ പ്രതിയായ അരുളാനന്ദം അണ്ണാ ഡിഎംകെയുടെ പൊള്ളാച്ചിയിലെ വിദ്യാർത്ഥി വിഭാഗം സെക്രട്ടറിയായിരുന്നു. കേസിൽ അറസ്റ്റു ചെയ്തയുടൻ ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഇരയുടെ സഹോദരനെ ഇതിനിടെ അണ്ണാ ഡിഎംകെ പ്രവർത്തകർ മർദിക്കുകയും ചെയ്തു. ഇതെല്ലാം പ്രതിപക്ഷം രാഷ്ട്രീയപ്രചാരണമാക്കിയതോടെ കേസ് കൂടുതൽ വിവാദമായി.