പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടു രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടര്‍ പട്ടിക കൈവശം വയ്ക്കുന്നത്. പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകന്‍ ആദ്യമെത്തുന്നത് ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷം മാര്‍ക്ക്ഡ് കോപ്പിയില്‍ രേഖപ്പെടുത്തും.
രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടാണി വിരലില്‍ ഇന്‍ഡെലിബിള്‍ മഷി തേക്കുന്നത്. നഖത്തിനു മുകളില്‍ നിന്നും താഴേക്കാണ് മഷിപുരട്ടേണ്ടത്. ഇദ്ദേഹം തന്നെയാണ് 17-എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. വോട്ടര്‍ക്ക് സ്ലിപ് നല്‍കുന്നതും ഇദ്ദേഹമാണ്. മൂന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവും ഇരിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ ഇന്‍ഡെലിബിള്‍ മഷി കൈയില്‍ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കണം. മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മേശയില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണില്‍ അമര്‍ത്തിയ ശേഷം വോട്ടര്‍ക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാം.
ടെണ്ടര്‍ വോട്ടുകള്‍
തെരഞ്ഞെടുപ്പിലെ 49 പി ചട്ടം പ്രകാരം ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് വ്യാജവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി നല്‍കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടര്‍ ബാലറ്റ് പേപ്പര്‍. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പ്രദര്‍ശിപ്പിച്ച അതേ മാതൃകയില്‍ പേപ്പറിന്റെ മറു വശത്ത് ‘ടെണ്ടര്‍ ബാലറ്റ് പേപ്പര്‍’ എന്ന മുദ്രയുള്ളതാവണം ഇവ.
സഹായി
അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ വോട്ടര്‍ കൊണ്ടുവരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായി ഒരു ഡിക്ലറേഷന്‍ എഴുതി നല്‍കണം.
പോളിംഗ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത
പോളിംഗ് ഓഫീസര്‍മാരുടെ കാര്യക്ഷമതയിലാണ് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്. വോട്ടിംഗ് മെഷീന്‍ ഓണാക്കി വോട്ട് രേഖപ്പെടുത്തിക്കുക എന്നതിലുപരിയായി വോട്ടര്‍മാര്‍ കൃത്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. പോളിംഗിന്റെ ആദ്യ മണിക്കൂറില്‍ ഉണ്ടാവുന്ന തിരക്കിലും സമ്മര്‍ദത്തിലും പതറാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
ബൂത്തിലെ സര്‍വാധികാരി പ്രിസൈഡിംഗ് ഓഫീസര്‍
പ്രിസൈഡിംഗ് ഓഫീസറാണ് പോളിംഗ് സ്റ്റേഷന്റെ മുഴുവന്‍ ചുമതലക്കാരന്‍. വോട്ടിംഗ് യന്ത്രം കൃത്യമായി സ്ഥാപിക്കുക, മോക്ക് പോള്‍ നടത്തുക, യന്ത്രം വോട്ടിംഗിനായി സ്വിച്ച് ഓണ്‍ ചെയ്യുക, പോളിംഗ് ആരംഭിക്കുന്നതായി അറിയിക്കുക, മോക്ക് പോളിന് അംഗീകാരം നല്‍കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക, യന്ത്രം പരിശോധിക്കുക, പോളിംഗ് യന്ത്രം തകരാറിലായാല്‍ ഉടന്‍ ഉചിത തീരുമാനം കൈക്കൊള്ളുക, ടെന്‍ഡര്‍ വോട്ട് ചെയ്യിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബൂത്തില്‍ അനാവശ്യമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുക, കൃത്യമായി വോട്ടിംഗ് യന്ത്രം പരിശോധിക്കുക , വോട്ടിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തയാറാക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പൊതുചുമതലകള്‍. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിലുള്ള സ്ഥലം ഇദ്ദേഹത്തിന്റെ അധികാരപരിധിയിലായിരിക്കും.
പോളിംഗ് അവസാനിപ്പിക്കല്‍
വോട്ടിംഗ് അവസാനിപ്പിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്. വോട്ടിംഗ് സമയം അവസാനിപ്പിക്കുമ്പോള്‍ നിരയില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിംഗിനുള്ള സമയം അവസാനിക്കുന്നതോടെ പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിംഗ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ യന്ത്രത്തില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പോളിംഗ് അവസാനിക്കും.
പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം ഇവര്‍ക്ക് മാത്രം
സമ്മതിദായകര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികള്‍ എന്നിവര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം.
പോളിംഗ് ഏജന്റുമാര്‍ അറിഞ്ഞിരിക്കേണ്ടത്
ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിംഗ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുറത്തുകൊണ്ടുപോകാന്‍ പാടില്ല. പോളിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെല്‍ഫോണ്‍, മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ ബൂത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിംഗ് ഏജന്റുമാര്‍ പ്രദര്‍ശിപ്പിക്കരുത്.
പോളിംഗ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങള്‍ പാടില്ല
നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ ആയുധങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 134 ബി പ്രകാരമാണ് കമ്മീഷന്‍ ആയുധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം പോളിംഗ് ബൂത്തുകളുടെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ ആയുധവുമായി പ്രവേശിക്കുകയോ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. വോട്ടര്‍മാര്‍ക്ക് ആരുടെയും പ്രേരണയോ ഭീഷണിയോ കൂടാതെ വോട്ട് രേഖപ്പെടുത്താനാണ് ഇത്. എന്നാല്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആയുധം കൈവശം വയ്ക്കാം. അനുവദിക്കപ്പെട്ടവര്‍ക്കു മാത്രം ആയുധം കൈവശംവച്ച് പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കാം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതും ആയുധം കണ്ടുകെട്ടുന്നതുമാണ്.
മോക്‌പോള്‍ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധു
വോട്ടെടുപ്പിന് മുമ്പായി മോക്‌പോള്‍ ആരംഭിക്കും. മോക്‌പോള്‍ നടന്നിട്ടില്ലെങ്കില്‍ പോളിംഗ് നടന്നിട്ടില്ലെന്ന് കണക്കാക്കും. പോളിംഗ് ഏജന്റുമാര്‍ ആരുമില്ലെങ്കില്‍ 15 മിനിറ്റ് കൂടി കാത്തിരിക്കും. ആരും വന്നില്ലെങ്കില്‍ വിവരം സെക്ടര്‍ ഓഫീസറെ അറിയിച്ച് മോക്‌പോള്‍ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് 50 വോട്ടുകള്‍ രേഖപ്പെടുത്തണം. രാവിലെ 5.30 ന് മോക് പോള്‍ ആരംഭിക്കും.
തിരിച്ചറിയല്‍ രേഖയായി ഇവ ഉപയോഗിക്കാം
നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. 12 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ് (കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ), ബാങ്ക്, പോസ്റ്റോഫീസ് പാസ്ബുക്ക്, പാന്‍കാര്‍ഡ്, എന്‍.പി.ആറിന്റെ കീഴില്‍ ആര്‍.ജി.ഐ. വിതരണം ചെയ്ത സ്മാര്‍ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖകള്‍, എം.പി, എം.എല്‍.എ, എം.എല്‍.സി.മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടര്‍ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.
വിവിപാറ്റും ഹരിതചട്ടവും
ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വി.വി. പാറ്റ് അടക്കമുള്ള സംവിധാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജ്ജമാക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ കര്‍ശനമായി ഹരിത ചട്ടം പാലിക്കും. മഴ പെയ്താല്‍ വോട്ടര്‍മാര്‍ നനയാതിരിക്കാന്‍ ഷീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ബൂത്തുകളില്‍ ഒരുക്കും. കുടിവെള്ള വിതരണം, മൂലയൂട്ടല്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, പ്രായമായവര്‍ക്ക് വിശ്രമ സൗകര്യം തുടങ്ങിയവയും പോളിംഗ് ബൂത്തുകളില്‍ ഒരുക്കും.