പത്തനംതിട്ട: പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ മാലിന്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കത്തിക്കുന്നുവെന്ന് പരാതി. പത്തനംതിട്ട നഗരത്തില്‍ കറുത്ത വിഷപ്പുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കല്ലറക്കടവ് നിവാസികള്‍ അധികാരികള്‍ക്ക് പരാതി നല്‍കി.
അടുത്തനാള്‍ വരെ ആശുപത്രിയിലെ മാലിന്യങ്ങള്‍ പത്തനംതിട്ട നഗരസഭയുടെ കരാറുകാരന്‍ ശേഖരിച്ചു വരികയായിരുന്നു. നഗരസഭയുടെ മാലിന്യ ശേഖരണ വിഷയം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ മാലിന്യങ്ങള്‍ അവിടെ കുന്നുകൂടുവാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്നാണ് സ്വന്തമായി ഒരു ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ മുത്തൂറ്റ് ആശുപത്രി തീരുമാനിച്ചത്. അതുവരെ അവിടെ മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവും ഉണ്ടായിരുന്നില്ല എന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള ഗുരുതരമായ വീഴ്ചയെയാണ് കാണിക്കുന്നത്. പത്തനംതിട്ട നഗരസഭയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തികഞ്ഞ അനാസ്ഥ ഇക്കാര്യത്തിലുണ്ടെന്ന് കല്ലറക്കടവ് നിവാസികള്‍ ആണയിട്ടു പറയുന്നു. പണത്തിനു മീതെ പരുന്തല്ല..വിഷപ്പുകയാണ് സൂര്യനുദിക്കുമ്പോള്‍ കാണുന്നതെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നേഴ്സിംഗ് കോളേജിന്റെ ബഹുനില കെട്ടിടത്തിന് മുകളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിച്ചത്. ഇതോടെ ആശുപത്രിയില്‍ കുന്നുകൂടി കിടന്ന മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ നേഴ്സിംഗ് കോളേജ് കെട്ടിടത്തിനു സമീപം എത്തിച്ച് ഇന്‍സിനേറ്ററില്‍ കത്തിക്കുവാന്‍ തുടങ്ങി. നേരം വെളുക്കുമ്പോള്‍ തുടങ്ങുന്ന പരിപാടി രാത്രിയിലും തുടരും. സദാസമയവും കറുത്ത നിറത്തിലുള്ള കട്ടിപ്പുകയാണ്. കാറ്റ് വീശുമ്പോള്‍ ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കടുത്ത ശ്വാസം മുട്ടലും വിമ്മിഷ്ടവും ഉണ്ടാകുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
പത്തനംതിട്ട നഗരസഭയില്‍ ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്ന ഏജന്‍സിക്ക് ആകെയുള്ള മാലിന്യത്തിന്റെ ഒരു ഭാഗം മാത്രം നല്‍കി കൂടുതല്‍ മാലിന്യം സ്വന്തമായി കത്തിച്ചുകളയുന്ന രീതിയാണ് ഇപ്പോള്‍ മുത്തൂറ്റ് ആശുപത്രി അധികൃതര്‍ അവലംബിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുവഴി ആരുടെ മുമ്പിലും നല്ലപിള്ള ചമയുവാന്‍ ഇവര്‍ക്ക് കഴിയും. തങ്ങളുടെ മാലിന്യങ്ങള്‍ നഗരസഭയുടെ കരാറുകാരനാണ് നല്‍കുന്നതെന്നും കടലാസ് മാലിന്യം മാത്രമാണ് തങ്ങള്‍ കത്തിക്കുന്നതെന്നും സംശയം ഉള്ളവര്‍ക്ക് വേണമെങ്കില്‍ പരിശോധിക്കാമെന്നും ഇവര്‍ പറയും. കടലാസ് കത്തിച്ചാല്‍ എങ്ങനെയാണ് കറുത്ത വിഷപ്പുക ഉണ്ടാകുന്നതെന്ന് ചോദിച്ചാല്‍, കടലാസ് കത്തിക്കുവാന്‍ ഡീസല്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ന്യായീകരണമാണ് ലഭിക്കുക. തന്നെയുമല്ല ഒരു ആശുപത്രിയില്‍ ഇത്രയധികം പേപ്പര്‍ മാലിന്യം എങ്ങനെ ഉണ്ടാകുന്നുവെന്നതും പരിസരവാസികളുടെ സംശയമാണ്.
മുത്തൂറ്റ് ആശുപത്രിയില്‍ സ്ഥാപിച്ച ഇന്‍സിനേറ്ററില്‍ കടലാസുകള്‍ മാത്രമേ കത്തിക്കാന്‍ അനുവാദമുള്ളു എന്നാണ് പൊളൂഷന്‍ കണ്‍ട്രോള്‍ അധികൃതര്‍ പത്തനംതിട്ട മീഡിയായോട് വ്യക്തമാക്കിയത്. ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് കൂടുതല്‍ പണച്ചിലവ് വേണ്ടിവരുമെന്നും കര്‍ശനമായ നിയമ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
മുത്തൂറ്റ് ആശുപത്രിയുടെ കാര്യം പറയുമ്പോള്‍ പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയുടെ കാര്യവും പറയേണ്ടിയിരിക്കുന്നു. ഇവിടുത്തെ മാലിന്യം എന്തുചെയ്യുന്നുവെന്ന് വ്യക്തമാക്കുവാനുള്ള ബാധ്യതയും ഉത്തരവാദിത്വവും അധികാരികള്‍ക്കുണ്ട്. എന്തായാലും കല്ലറക്കടവ് നിവാസികള്‍ നിയമയുദ്ധത്തിനുള്ള പുറപ്പാടിലാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെപ്പോലെ ഔദാര്യത്തിന് കാത്തുനില്‍ക്കാന്‍ തയ്യാറല്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. ഒരു സ്ഥാപനം നടത്തുമ്പോള്‍ പ്രത്യേകിച്ച് ഒരു ആശുപത്രി നടത്തുമ്പോള്‍ നിയമപരമായ കാര്യങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ആരുടെയെങ്കിലും പോക്കറ്റില്‍ തിരുകിയ പണത്തിന്റെ ഹുങ്കില്‍ കല്ലറക്കടവ് നിവാസികളെ വിലക്കെടുക്കാമെന്ന് ആരും മോഹിക്കേണ്ടെന്നും നിയമപരമായി മുന്നോട്ടുപോയി ജനവഞ്ചകരെ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.