പത്തനംതിട്ട : കൈയേറ്റം ഒഴിവാക്കി ജനകീയ പങ്കാളിത്തത്തോടെ പൊങ്ങനാംതോട് മാലിന്യമുക്തമാക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊങ്ങനാംതോട് ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശവാസികളെയും ജനപ്രതിനിധികളെയും വിവിധ വകുപ്പുകളെയും ഉള്‍പ്പെടുത്തിയാകും തുടര്‍ നടപടി സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട യോഗം ഉടന്‍ ചേരും. തോട് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ റിക്കാര്‍ഡിലെ വീതി തിട്ടപ്പെടുത്തി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാകും പൊങ്ങനാംതോട് ശുചീകരിക്കുക.
പമ്പാ നദിയുടെ നീര്‍സ്രോതസാണ് പൊങ്ങനാംതോട്. ജലശ്രോതസുകളുടെ സംരക്ഷണത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള ബൃഹത്ത് പദ്ധതികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. പമ്പാ നദിയുടെ ശുചീകരണം, പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കല്‍, ജലസ്രോതസുകളുടെ പരിപാലനം, കൈയേറ്റം ഒഴിവാക്കാനുള്ള നടപടി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഇതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ പദ്ധതികളാണ് ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ മുഖാന്തരം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തോട് കൈയേറ്റം, സ്വാഭാവിക ജലനിര്‍ഗമനത്തിന് തടസം ഉണ്ടാക്കുന്ന നിര്‍മാണം, പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവ ഒഴിവാക്കല്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. യോഗത്തില്‍ ജനപ്രതിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.