തിരുവനന്തപുരം: പൊന്‍മുടി പാതയിലെ 12ാം വളവില്‍ മണ്ണിടിച്ചില്‍. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കാന്‍ വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. റോഡ് കുറച്ചു ഭാഗംകൂടി ഇടിഞ്ഞാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിവരും. ഇതോടെ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയും പൊന്മുടിയിലെ 250ലധികം വരുന്ന തൊഴിലാളി കുടുംബങ്ങളും പോലീസ് സ്റ്റേഷന്‍, കെ.ടി.ഡി.സി, ഗവ.യു.പി.സ്‌കൂള്‍, കേരള പോലീസിന്റെ വയര്‍ലസ് സെറ്റ് കേന്ദ്രം എന്നിവയെല്ലാം ഒറ്റപ്പെടും.
മണ്ണിടിഞ്ഞ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍ കടന്നുപോകുന്ന വിധം ക്രമീകരിക്കാന്‍ റുറല്‍ ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വലിയ വാഹനങ്ങള്‍ ഈ ഭാഗത്തുകൂടി കടത്തിവിടാതിരിക്കാനുള്ള ക്രമീകരണം നടത്താന്‍ ഡി.എഫ്.ഓയ്ക്കും ഇടിഞ്ഞ ഭാഗത്ത് ഉറപ്പുള്ള സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ കെ.എസ്.ടി.പി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും നിര്‍ദ്ദേശം നല്‍കി.