പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പോലീസ് എഫ്‌ഐആര്‍. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു. രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വൈല്‍ഡ് ലൈഫ് ആക്റ്റ് അനുസരിച്ചും ഫോറസ്റ്റ് ആക്റ്റ് അനുസരിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം പൂജ ചെയ്ത നാരായണസ്വാമിയെ തേടി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ചെന്നൈയിലാണുള്ളതെന്നും അറസ്റ്റ് ഭയന്ന് മുങ്ങിയെന്നുമാണ് വനംവകുപ്പിന് ലഭിക്കുന്ന വിവരം. പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയതിനു വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് നാരായണസ്വാമി. ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ നാരായണസ്വാമിയെ പ്രതിചേര്‍ത്ത് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ നാരായണസ്വാമിയെ അറസ്റ്റ് ചെയ്യാനാണ് വനംവകുപ്പ് നീക്കം.