മലപ്പുറം: പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാവട്ടെ എന്ന് സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയറ്റിലും നിലപാട്. താനൂരില്‍ വി. അബ്ദുറഹിമാനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സി.പി.എം തീരുമാനം. കെ.പി.എ മജീദ്, പി.വി. അബ്ദുല്‍ വഹാബ് തുടങ്ങിയവരുടെ കാര്യത്തില്‍ തീരുമാനമായാലെ ജില്ലയിലെ ലീഗിന്റെ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണ്ണമാകൂ.
പൊന്നാനിയില്‍ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും മലപ്പുറത്ത് ചേര്‍ന്ന ജില്ല കമ്മിറ്റി യോഗം ഗൗനിച്ചില്ല. പി. നന്ദകുമാറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ധാരണ. പി. നന്ദകുമാറും പി. ശ്രീരാമകൃഷ്ണനും വേണ്ടന്നും പി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് ഒരു ബസ് നിറയെ സി.പി.എം പ്രവര്‍ത്തകര്‍ മലപ്പുറത്തേക്ക് തിരിച്ചെങ്കിലും നേതൃത്വം വഴിയില്‍ നിന്ന് മടക്കി അയക്കുകയായിരുന്നു. താനൂരില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ തന്നെ ഇപ്രാവശ്യവും വേണമെന്ന പ്രാദേശിക സി.പി.എം വികാരം കൂടി പരിഗണിച്ചാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കാനുളള തീരുമാനം. അങ്ങനെയെങ്കില്‍ തിരൂരില്‍ ഗഫൂര്‍ ലില്ലീസ് ഇടതുസ്ഥാനാര്‍ഥിയാകും.
തവനൂരില്‍ കെ.ടി. ജലീല്‍ തുടരും. കോട്ടക്കലില്‍ എന്‍.സി.പിയിലെ എന്‍. എ. മുഹമ്മദ്കുട്ടിയെ മുസ്ലിംലീഗില്‍ നിന്നുളള സിറ്റിങ് എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ നേരിടും. മങ്കടയില്‍ ടി.കെ. റഷീദലി തന്നെ സി.പി.എം സ്ഥാനാര്‍ഥിയാകും. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗില്‍ നിന്നെത്തുന്ന മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാന്‍ കെ.പി.എം മുസ്തഫയാണ് സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുക. വണ്ടൂരില്‍ സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസിലെ എ.പി. അനില്‍ കുമാറും പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് മിഥുനയും തമ്മിലാവും മല്‍സരം.
ഇപ്പോള്‍ വിദേശത്തുളള പി.വി. അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ നിലമ്പൂരില്‍ ഇക്കുറിയും സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എം തീരുമാനം. കോണ്‍ഗ്രസില്‍ നിന്നുളള വി.വി. പ്രകാശ് അല്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് ആവും എതിര്‍സ്ഥാനാര്‍ഥി. ഏറനാട്ടില്‍ പി.കെ. ബഷീറും കൊണ്ടോട്ടിയില്‍ ടി.വി. ഇബ്രാഹിമും വളളിക്കുന്നില്‍ പി. അബ്ദുല്‍ ഹമീദും ലീഗ് സ്ഥാനാര്‍ഥികളാവുമെന്നും ധാരണയായിട്ടുണ്ട്. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ തന്നെ ലീഗ് സ്ഥാനാര്‍ഥിയാകും.