പത്തനംതിട്ട : രണ്ടാഴ്ച മുമ്പാണ് ഇലവുംതിട്ട ശ്രീബുദ്ധ കോളജിനടുത്ത് വാഹനമിടിച്ച് മൃതപ്രായാവസ്ഥയിൽ ഒരു നായ്കുട്ടി റോഡിൽ കിടക്കുന്നത് അയത്തിൽ സ്വദേശി ശ്രീകുമാർ കാണുന്നത്. ഈ വിവരം ഇദ്ദേഹം ഇലവുംതിട്ട ജനമൈത്രി പോലീസിനെ അറിയിച്ചു. ഉടൻ തന്നെ വളണ്ടിയർ എബി റോയ്സിനെ കൂട്ടി ഇവിടെയെത്തിയ ബീറ്റ് ഓഫീസർ എസ് അൻവർഷ നായ്കുട്ടിയെ എടുത്ത് മൃഗാശുപത്രിയിലെത്തിക്കുകയും ചികിത്സ നല്കുകയും ചെയ്തിരുന്നു.
പൊന്നിയെന്ന പേരിട്ട് നായ്കുട്ടിയെ താല്കാലിക സംരക്ഷണത്തിന് ശ്രീകുമാറിനെ ഏൽപ്പിച്ചിരുന്നു. ശ്രീകുമാറിന്റെ മകൻ അദ്വൈതിന്റെ ഇഷ്ടക്കാരിയാണങ്കിലും ശരീരം തളർന്ന നായ്ക്കുട്ടിയുടെ ചികിത്സയും പുനരധിവാസവും ബുദ്ധിമുട്ടായതിനാൽ ബീറ്റ് ഓഫീസർ മൃഗസംരക്ഷണ കൂട്ടായ്മയായ
ടീം ആരോയുമായി ബന്ധപ്പെട്ടിരുന്നു. ടീം ആരോ ഭാരവാഹികളായ ജിബിൻ, അഞ്ജലി എന്നിവർ ചേർന്ന് ഇന്ന് പൊന്നിയെ ഏറ്റെടുത്തു. ജനമൈത്രി വോളണ്ടിയർമാരായ അജോ അച്ചൻകുഞ്ഞ്, ഹൃത്വിക് , ഡാനി എന്നിവർ നേതൃത്വം നല്കി.