കോന്നി : കോൺക്രീറ്റ് പാളികൾ അടർന്ന് മാറിയ ഭാഗത്തെ ദ്രവിച്ച കമ്പികൾ ഒന്നൊന്നായി എണ്ണി എടുക്കാം. ഇതാണ് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട കരിമാൻതോട് പൂച്ചക്കുളം വഞ്ചിപ്പടിക്ക് സമീപത്തെ താഴേ പൂച്ചക്കുളം പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
മുപ്പത് വർഷത്തിലേറെ പഴക്കമുണ്ട് പാലത്തിന്. കാലപ്പഴക്കത്താൽ അടർന്ന് മാറിയ കോൺക്രീറ്റ് പാളികൾ കൈകൾ കൊണ്ട് പോലും ഇളക്കി മാറ്റാം. ഈ പാലത്തെ ആശ്രയിച്ച് യാത്ര ചെയ്യുന്ന നൂറ് വീടുകളിലേറെയുണ്ട് ഇവിടെ. പാലത്തിന് മുകളിലൂടെ വാഹനങ്ങൾ പോകുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു. പാലം തകർന്നാൽ താഴേപൂച്ചക്കുളം പ്രദേശം ഒറ്റപ്പെടും. പിന്നീട് ഈ പ്രദേശത്തേക്ക് കടന്ന് ചെല്ലുവാൻ മറ്റ് വഴികളും ഇല്ല. മഴക്കാലത്ത് വലിയ വെള്ളമൊഴുക്ക് ഉള്ള ഈ തോട്ടിൽ കൂടി ഒഴുകി വരുന്ന തടികളും കല്ലും പാലത്തിന്റെ തൂണുകളിൽ ഇടിക്കുന്നതും ബലക്ഷയം വർധിക്കുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി സഞ്ചരിക്കുന്നുമുണ്ട്. പാലം എത്രയും വേഗം പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.