കോട്ടയം : പി.സി.ജോർജിന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവാകുമോ ഈ മത്സരം? പൂഞ്ഞാറിൽ 30,000 ൽ ഏറെ വോട്ടുകൾക്ക് ജയിക്കുമെന്നാണ് പി.സി.ജോർജിന്റെ കണക്കുകൂട്ടൽ. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ജോർജിന്റെ മത്സരം. ജയിച്ചാൽ മുന്നണികൾക്ക് പിസിയെ അംഗീകരിക്കേണ്ടി വരും. തൂക്കുസഭ വന്നാൽ പിസിയുടെ വില വീണ്ടും കൂടും. തെരഞ്ഞെടുപ്പിൽ തോറ്റാൽ മുന്നണികൾക്ക് പിന്നാലെ അപേക്ഷയുമായി പിസിക്കു നടക്കേണ്ടി വരും.
മുസ്‍ലിം സമുദായത്തിനും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനും എതിരെ ജോർജ്ജ് നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പ്രാദേശികമായി എതിർപ്പ് ഉയർന്നതോടെ പ്രചാരണം ചില സ്ഥലങ്ങളിൽ നിർത്തി വെയ്ക്കേണ്ടി വന്നു. എന്നാൽ ബിജെപിയുടെയും ഹൈന്ദവ വിശ്വാസികളുടെയും ചില സമുദായങ്ങളുടെയും വോട്ട് ലഭിക്കുമെന്നാണ് ജോർജിന്റെ കണക്കുകൂട്ടൽ.
ഞങ്ങൾ നല്ല ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തിന്റെ വികസനം മുൻനിർത്തിയാണ് വോട്ടു ചോദിച്ചത്. അത് ജനം അംഗീകരിക്കുമെന്ന് മകൻ ഷോൺ ജോർജ്ജ് പറഞ്ഞു. വർഷങ്ങൾക്കു ശേഷം പൂഞ്ഞാറിൽ കടുത്ത മത്സരം നടക്കുന്നു. കോൺഗ്രസ് ആദ്യമായി മത്സര രംഗത്തുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി (യുഡിഎഫ്), മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽഡിഎഫ്), ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി. സെൻ എന്നിവരായിരുന്നു മറ്റു പ്രമുഖ സ്ഥാനാർഥികൾ.