റാന്നി : അങ്ങാടി പഞ്ചായത്തിലെ പൂവന്മല – പനംപ്ലാക്കൽ റോഡ് കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം ടെൻഡർ ചെയ്യണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയായ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തകർന്നു കിടന്ന പൂവൻമല- പനംപ്ലാക്കൽ റോഡ് പുനരുദ്ധരിക്കുന്നതിനായി 82 ലക്ഷം രൂപ അനുവദിച്ചത്. അഞ്ചുവർഷത്തെ ഗ്യാരണ്ടിയോടെ നിർമ്മിക്കുന്ന റോഡ് 4 തവണ ടെൻഡർ ചെയ്തെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ തയ്യാറായില്ല.
അവസാനം അഞ്ചാമത്തെ തവണ കരാറെടുത്ത ആൾ പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായതോടെ നിർമ്മാണം മുടങ്ങി. കഴിഞ്ഞ മാർച്ചിൽ റോഡിൻ്റെ കരാർ കാലാവധിയും അവസാനിച്ചു. റോഡ് നിർമ്മാണം അനിശ്ചിതമായി നീണ്ടതോടെ പ്രദേശവാദികൾ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പൂർണ്ണമായും തകർന്ന റോഡിലൂടെ കാൽനട പോലും ദുസഹമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് എത്രയും വേഗം ഒഴിവാക്കുന്നതിനായാണ് കരാറുകാരനെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി റോഡ് നിർമ്മാണം റീടെണ്ടർ ചെയ്യാൻ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടത്.