പന്തളം : പന്തളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് തന്റെ കൃഷിയിടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ നല്‍കി കര്‍ഷകന്‍. പൂഴിക്കാട് പരിയാരത്ത് വീട്ടില്‍ ഗോപിനാഥന്‍ നായരാണ് തന്റെ കൃഷിയിടത്തിലുണ്ടായ പയര്‍, പടവലങ്ങ തുടങ്ങിയ പച്ചക്കറികള്‍ നഗരസഭയ്ക്കു നല്‍കിയത്.
പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ സതിയുടെ നേതൃത്വത്തിലാണു പച്ചക്കറികള്‍ ശേഖരിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും നൂറിലധികം പൊതിച്ചോറുകളാണ് ഇരുപത് രൂപ നിരക്കില്‍ നല്‍കി വരുന്നത്. ശരാശരി മുപ്പതിലധികം ഊണുകള്‍ നിര്‍ധനര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്കും സൗജന്യമായി നല്‍കുന്നുണ്ട്. കൊറോണ കാലത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടി ഇതുപോലെയുള്ള സഹായങ്ങള്‍ ചെയ്യാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഒറ്റക്കെട്ടായി നിന്നു മഹാമാരിയെ പ്രതിരോധിക്കണമെന്നും പന്തളം നഗരസഭാധക്ഷ്യ ടി.കെ സതി പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്‍ രവി, നിഷ ജോണ്‍, കെ.വി പ്രഭ, നഗരസഭാ സെക്രട്ടറി ജി. ബിനുജി, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.