വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന പോപ്പ് ഫ്രാൻസിസിന്റെ നിലയിൽ കാര്യമായ പുരോഗതിയില്ല. മാർപ്പാപ്പ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബോധവാനാണെന്ന് വത്തിക്കാൻ അറിയിച്ചു. വൃക്കകളുടെ പ്രവർത്തനത്തിലും നേരിയ പ്രശ്‌നങ്ങൾ കണ്ടെത്തിയതായാണ് വിവരം. ആസ്‌ത്‌മയുടെ ബുദ്ധിമുട്ടുണ്ടായതിനാൽ ശനിയാഴ്‌ച അദ്ദേഹത്തിന് രണ്ട് യൂണിറ്റ് രക്തം നൽകി. രക്തത്തിൽ പ്ളേറ്റ്‌ലറ്റുകളുടെ അളവ് കുറഞ്ഞതിനാലാണിത്. ഇന്നലെ കുർബാനയിൽ മാർപാപ്പയുടെ സന്ദേശം വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രാർത്ഥന തുടരണമെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു
റോമിലെ ജെമേലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപ്പാപ്പയുള്ളത്. 88കാരനായ അദ്ദേഹത്തിന് ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന് ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്. ‘പരിശുദ്ധ പിതാവിന്റെ നില അതീവ ഗുരുതരമാണ്. എന്നാൽ ഇന്നലെ രാത്രിമുതൽ അദ്ദേഹം കൂടുതൽ ശ്വസന പ്രതിസന്ധികൾ അനുഭവിച്ചിട്ടില്ല.’ ഞായറാഴ്‌ച വത്തിക്കാൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. മൂക്കിലൂടെ ട്യൂബിട്ട് ഓക്‌സിജൻ അദ്ദേഹത്തിന് നൽകുന്നുണ്ട് എന്നും വത്തിക്കാൻ അറിയിക്കുന്നു.