പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ അറസ്റ്റിലായതോടെ ബ്രാഞ്ചുകള്‍ നാഥനില്ലാ കളരിയായി മാറി. ചില ബ്രാഞ്ചുകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പണയ സ്വര്‍ണ്ണം എടുക്കാന്‍ വരുന്നവര്‍ക്ക് അത് തിരികെ നല്‍കി കിട്ടുന്ന പണം ജീവനക്കാര്‍ വീതം വെച്ച് എടുക്കുന്നുവെന്ന ആരോപണവും ഉയരുന്നു. അടഞ്ഞുകിടക്കുന്ന ബ്രാഞ്ചുകള്‍ രഹസ്യമായി തുറന്ന് സ്വര്‍ണ്ണം മാറ്റുന്നുവെന്നും നിക്ഷേപകര്‍ പറയുന്നു. ചില മാനേജര്‍മാര്‍ ബ്രാഞ്ചിലെ രേഖകള്‍ അവിടെനിന്നും രഹസ്യമായി മാറ്റുന്നുണ്ടെന്നും പറയുന്നു. ഇന്ന് പത്തനംതിട്ട ഇലന്തൂരില്‍ പകുതി തുറന്നിരുന്ന ബ്രാഞ്ചില്‍ ഒരു നിക്ഷേപകന്‍ കടന്നുചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്നയാള്‍ എന്തൊക്കെയോ സാധനങ്ങള്‍ ബാഗില്‍ നിറച്ചിരിക്കുന്നത് കണ്ടതായി പറയുന്നു. പോലീസിനെ വിളിക്കുന്നതിനു മുമ്പ് ഇദ്ദേഹം രക്ഷപെടുകയായിരുന്നെന്നും പറയുന്നു. പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം ബ്രാഞ്ച് മാനേജരെ നിക്ഷേപകര്‍ വഴിയില്‍ തടഞ്ഞിരുന്നു.
ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടന്നിട്ടും സ്ഥാപനങ്ങള്‍ പൂട്ടി സീലു ചെയ്യുവാന്‍ പോലീസ് തയ്യാറായിട്ടില്ല. ഉടമകള്‍ക്കുവേണ്ടി തെളിവുകള്‍ നശിപ്പിക്കുവാന്‍ ചില ജീവനക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. പുറത്തുവരുന്ന അനൌദ്യോഗിക കണക്കുകള്‍ പ്രകാരം തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. പണത്തിന്റെ ബഹുഭൂരിപക്ഷം തുകയും ഓസ്ട്രേലിയയിലേക്ക് കടത്തിയെന്നാണ് സൂചന. പോപ്പുലര്‍ ഉടമ റോയിയുടെ സഹോദരീ ഭര്‍ത്താവ് വര്‍ഗീസ് പൈനാടന്‍ എന്നയാളാണ് ഇതിനു പിന്നിലെന്നും പറയുന്നു. വ്യക്തമായ കണക്കു കൂട്ടലുകളോടെ ഓസ്ട്രേലിയയിലേക്ക് കടക്കാനിരിക്കെയാണ് പത്തനംതിട്ട മീഡിയ ലൈവിലൂടെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇതോടെ എല്ലാം തകിടംമറിയുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞുകൊണ്ട് ഷാര്‍ജ വഴി പോകുവാന്‍ ശ്രമം നടത്തിയെങ്കിലും കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ തടസ്സമുണ്ടായി. തുടര്‍ന്ന് രണ്ടു മക്കളെ ഡല്‍ഹി എയര്‍പോര്‍ട്ട് വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും അവിടെ പിടിയിലാകുകയായിരുന്നു. തുടര്‍ന്നാണ് പോപ്പുലര്‍ ഉടമ റോയിയും ഭാര്യ പ്രഭയും പത്തനംതിട്ട എസ്.പിയുടെ മുമ്പില്‍ കീഴടങ്ങിയത്.