കൊച്ചി : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ രേഖകളും എത്രയുംവേഗം സി.ബി.ഐക്ക് കൈമാറണമെന്നും സി.ബി.ഐയുടെ അന്വേഷണം അടിയന്തിരമായി ആരംഭിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. സി.ബി.ഐ.ക്ക് അന്വേഷണത്തിനു വേണ്ട വാഹനങ്ങളും താമസവും ഉള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും കേരള സര്‍ക്കാര്‍ അടിയന്തിരമായി ക്രമീകരിക്കണം. സാമ്പത്തിക തട്ടിപ്പ് കേസായതിനാല്‍ അന്വേഷിക്കുവാന്‍ പ്രഗല്‍ഭരായ ഉദ്യോഗസ്ഥരുടെ സംഘത്തെ തന്നെ നിയോഗിക്കണമെന്ന് സി.ബി.ഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ശരിയായ വിധത്തിലല്ലെന്നു പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐക്ക് അന്വേഷണത്തിന് അനുമതി നല്‍കാതിരുന്നത്. ഹൈക്കോടതി പറഞ്ഞിട്ടും സി.ബി.ഐ കേസ് ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്നത്തെ ഹൈക്കോടതി വിധി.
രണ്ടാഴ്ചക്കുള്ളില്‍ ബഡ്സ് ആക്ട് നടപ്പിലാക്കുന്നതിന് കേരള സര്‍ക്കാര്‍ ചട്ടങ്ങള്‍ എഴുതിയുണ്ടാക്കണമെന്നും ഈ കാലയളവിനുള്ളില്‍ ബഡ്സ് കോടതികള്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതുവരെയുള്ള കാലയളവില്‍ അതാത് സി.ബി.ഐ കോടതികളില്‍ ഈ കേസുകള്‍ കൈകാര്യം ചെയ്യണം. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെയും ബന്ധുക്കളുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടുവാന്‍ ബഡ്സ് ആക്ട് നടപ്പിലാക്കുവാന്‍ കേരളത്തില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഒരുകൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. നിക്ഷേപകര്‍ക്കുവേണ്ടി വിവിധ അഭിഭാഷകര്‍ ഹാജരായി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി (പി.ജി.ഐ.എ) ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്. രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ ഹാജരായി.