പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളുടെ ആസ്തി വിവരങ്ങള്‍ ഞെട്ടിക്കുന്നത്. അന്വേഷണസംഘം മറ്റു സംസ്ഥാനങ്ങളില്‍ അടക്കം നടത്തിയ അന്വേഷണത്തില്‍ പ്രതികളുടേതായി കണ്ടെത്തിയത് 12 ആഡംബര വാഹനങ്ങള്‍, 52 ഏക്കര്‍ ഭൂമി, എറണാകുളത്തും തിരുവനന്തപുരത്തും തൃശ്ശൂരുമായി ഏഴോളം ഫ്ലാറ്റുകള്‍. മുഖ്യപ്രതി തോമസ് ഡാനിയേലും(റോയി) കുടുംബാംഗങ്ങളും അവര്‍ക്ക് വേണ്ടപ്പെട്ടവരുമാണ് ഇവ മാറിമാറി കൈകാര്യം ചെയ്തിരുന്നത്. തോമസുമായി ആന്ധ്രാപ്രദേശിലും പ്രഭ, റിനു, റീബ എന്നിവരുമായി തൃശ്ശൂരിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. കസ്റ്റഡി നീട്ടാന്‍ കോടതിയില്‍ അനുമതി തേടുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
പിടിച്ചെടുത്ത വാഹനങ്ങളില്‍ രണ്ട് ബെന്‍സ്, രണ്ട് ക്രിസ്റ്റ എന്നിവയുണ്ട്. മുമ്പ് ഇവര്‍ക്ക് ഓഡി കാര്‍ ഉണ്ടായിരുന്നതായും അത് വിറ്റെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്വന്തം പേരിലും പോപ്പുലര്‍ ഫിനാന്‍സിന്റെ പേരിലുമാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആന്ധ്രയിലെത്തുമ്പോള്‍ റോയി ബെന്‍സ് കാറാണ് ഉപയോഗിച്ചിരുന്നത്.
ആന്ധ്രാപ്രദേശില്‍ പ്രതികള്‍ക്കുള്ളത് 22 ഏക്കര്‍ ഭൂമി. തമിഴ്നാട്ടില്‍ മൂന്നിടത്തായി 24, 22, ഏഴ് ഏക്കറുകള്‍ വീതവും. ബിനാമി പേരുകളില്‍ വേറെ ഇടങ്ങളിലും ഭൂമിയുള്ളതായി സംശയിക്കുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ട് കോടി രൂപയുടെ മൂന്നു ഫ്ലാറ്റുകള്‍ പ്രതികള്‍ക്കുണ്ട്. കൂടാതെ എറണാകുളത്തും തൃശ്ശൂരിലും ഫ്ലാറ്റുകള്‍. ഇത് പലതും വാങ്ങിച്ചതല്ലാതെ ഉപയോഗിച്ചിരുന്നില്ല. തിരുവനന്തപുരത്തെ ഫ്ലാറ്റുകള്‍ വാങ്ങിച്ചെങ്കിലും അത് സ്വന്തം പേരിലേക്ക് ആക്കിയിട്ടില്ല. ആസ്തിയും നഷ്ടവും സംബന്ധിച്ച് പ്രതികള്‍ പറയുന്നതിലെല്ലാം വൈരുധ്യമുള്ളതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.