കൊച്ചി : പോപ്പുലര്‍ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിച്ചു. പതിവില്‍നിന്നും വിഭിന്നമായി ഇന്ന് നേരിട്ടുള്ള വാദമാണ് നടന്നത്. ജസ്റ്റിസ് സോമരാജന്റെ ഹിയറിംഗ് ബെഞ്ചിലാണ് കേസുകള്‍ പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും സി.ബി.ഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ലെന്ന് നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. ഉത്തരവ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേസ് ഏറ്റെടുക്കാതിരുന്നതെന്ന് കോടതി സി.ബി.ഐയുടെ അഭിഭാഷകനോട് ചോദിച്ചു. ഇനിയും സമയം വേണമെന്ന ആവശ്യമാണ് ഇദ്ദേഹം ഉന്നയിച്ചത്. ഇതിനെ നിക്ഷേപകരുടെ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് കേസ് പതിമൂന്നാം തീയതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. സി.ബി.ഐയുടെ നിലപാട് അന്ന് വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച കൃത്യമായ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികളുടെ ജാമ്യം സംബന്ധിച്ചും ഇന്ന് തീരുമാനമായില്ല. ആലപ്പുഴയിലെ വിചാരണ കോടതി പ്രതികളുടെ സ്വാഭാവിക ജാമ്യം നിഷേധിച്ചതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. റിമാന്റില്‍ ആയിട്ട് 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യം നല്‍കണമെന്നാണ് പ്രതികള്‍ ആലപ്പുഴ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി നിരസിക്കുകയും ബഡ്സ് ആക്ട് പ്രകാരം സ്വാഭാവിക ജാമ്യത്തിന് 90 ദിവസം വേണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് തീരുമാനം ഒന്നുമായില്ല.
കോന്നി സ്വദേശി ആനിയമ്മ കോശിയുടെ കേസിലാണ് പ്രതികള്‍ സ്വാഭാവിക ജാമ്യം ആവശ്യപ്പെട്ടത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ആനിയമ്മ കോശിയും കക്ഷി ചേരുവാന്‍ അപേക്ഷ നല്‍കി. പോപ്പുലര്‍ ഗ്രുപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ അഡ്വ.മനോജ് .വി.ജോര്‍ജ്ജ്, അഡ്വ. രാജേഷ് കുമാര്‍ എന്നിവരാണ് ആനിയമ്മ കോശിക്കുവേണ്ടി അപേക്ഷ നല്‍കിയത്. ഇനിയും പ്രോസിക്യുഷന്‍ ഭാഗത്തിനൊപ്പം ആനിയമ്മ കോശിയുടെ പ്രത്യേക അഭിഭാഷകരും കോടതിയില്‍ ഉണ്ടാകും. ഇവരുടെ ഭാഗംകൂടി കേട്ടതിനു ശേഷമേ ജാമ്യാപേക്ഷയില്‍ കോടതി അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളു.