പത്തനംതിട്ട : കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ച പോപ്പുലർ ഫിനാൻസ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. കേസ് സിബിഐ യ്ക്ക് കൈമാറാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിച്ചപ്പോൾ നിക്ഷേപകരുടെ താല്പര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇക്കാര്യം രേഖാമൂലം അറിയിക്കാൻ സർക്കാറിന് നിർദേശം നൽകിയിരുന്നു.
ഈ നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാപനമിറങ്ങിയിരിക്കുന്നത്. കേസിൽ രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ബ്രാഞ്ചുകളാണ് പോപ്പുലർ ഫിനാൻസിന് ഉള്ളത്. നിക്ഷേപ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, പ്രഭ, മക്കളായ റീനു,റീബ, റിയ എന്നിവർ ഇപ്പോൾ ജയിലിലാണ്.