കൊല്ലം : പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ മുഴുവൻ സ്വത്തും ജില്ലാ ഭരണകൂടം ജപ്തി ചെയ്യാൻ നടപടി തുടങ്ങി. മുഴുവൻ സ്വത്തും ഏറ്റെടുത്തതിനു പിന്നാലെ ആസ്തികളുടെ കണക്കെടുപ്പും പൂർത്തിയായി. നിക്ഷേപകരുടെ പരാതിയുടെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ ഓഫിസുകളും പൂട്ടി സീൽ ചെയ്യാനും ക്രയവിക്രയങ്ങൾ നടത്തുന്നതു തടയാനും കലക്ടർ ബി.അബ്ദുൽ നാസർ ഉത്തരവിട്ടിരുന്നു.
കൊല്ലത്ത് സബ് കലക്ടറും കിഴക്കൻ മേഖലയിൽ പുനലൂർ ആർഡിഒയുമാണു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇവരുടെ നേതൃത്വത്തിൽ പോപ്പുലർ ഫിനാൻസിനു ജില്ലയിലുള്ള മുഴുവൻ സ്വത്തുവകകളും കണ്ടെത്തി പട്ടിക തയാറാക്കി. ജില്ലാ റജിസ്ട്രാർമാരുടെ നേതൃത്വത്തിൽ റജിസ്ട്രേഷൻ റദ്ദാക്കലും നടത്തി. തുടർന്നാണു ജപ്തി നടപടിയിലേക്കു കടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് കലക്ടർ തഹസിൽദാർമാർക്കു നൽകിയത്.
മൂന്നു ദിവസങ്ങളിൽ അവധി ആയിരുന്നതിനാൽ ജപ്തി നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകിയേക്കും. അതേസമയം, ജില്ലയിൽ പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചിരുന്ന ഭൂരിഭാഗം കെട്ടിടങ്ങളും വാടകയ്ക്ക് എടുത്തിരുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ തുറന്നു കടയ്ക്കുള്ളിലുള്ള വസ്തുക്കളുടെ മൂല്യം നിർണയിക്കും. സ്വർണവും പണവും ഉൾപ്പെടെയുള്ള ഇത്തരം ശാഖകൾക്കുള്ളിലുണ്ടെന്നാണു നിഗമനം. ഇതിനൊപ്പം പൂയപ്പള്ളി വില്ലേജിൽ 5 സെന്റ് സ്ഥലവും പോപ്പുലർ ഫിനാൻസിനുണ്ട്.
പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പിൽ ജില്ലയിലെ നിക്ഷേപകർക്കു 300 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണു പ്രാഥമിക വിലയിരുത്തൽ. സിറ്റി – റൂറൽ പരിധികളിലായി ഇതുവരെ അയ്യായിരത്തോളം പരാതികളാണു പോലീസിനു ലഭിച്ചത്. സിറ്റി പരിധിയിൽ ജില്ലാ ക്രൈംബ്രാഞ്ചും റൂറൽ പരിധിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘവുമാണു പരാതികൾ ക്രോഡീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പരാതിക്കാരിൽ നിന്നായി മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.