കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളെയും എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ വകയാറിലെ ഹെഡ്ഓഫീസിനു മുമ്പിൽ ധർണ നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു സാമ്പത്തിക തട്ടിപ്പ് കേരളത്തിൽ നടന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വി.എ സൂരജ് പറഞ്ഞു. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും കോടികള്‍ തട്ടിപ്പ് നടത്തിയ പോപ്പുലറിന് അനുകൂലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇടതു-വലതു മുന്നണികൾ കുറ്റകരമായ മൗനം തുടരുകയാണ്. 4000 കോടിക്ക് മുകളിൽ നടന്ന കുംഭകോണത്തിന് ഒത്താശ ചെയ്യുന്ന നിലപാടുകളാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത് . ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും ശിക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം. പോപ്പുലർ ഫിനാൻസിന്റെ മുഴുവൻ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നും ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് പറഞ്ഞു
പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ സമിതി അംഗം കെ ആർ രാകേഷ്, ബിജെപി കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് കണ്ണൻ ചിറ്റൂർ, സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്ട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ബിജെപി പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കളഭം, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ജിഷ്ണു എസ്, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് മുരളി, യുവമോർച്ച അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് അഖിൽ.എസ്, ജനറൽ സെക്രട്ടറി പ്രസി.ടി, വൈസ് പ്രസിഡന്റ് വിഷ്ണു. എസ്, ജിതിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.