പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുക്കും വരെ നിലവിലെ അന്വേഷണം തുടരും. കേസില്‍ പ്രധാന പ്രതികളെ മുഴുവന്‍ കസ്റ്റഡിയില്‍ എടുത്തും തട്ടിപ്പിന്റെ വഴികള്‍ മുഴുവന്‍ പുറത്തെത്തിച്ചുമാണ് സംസ്ഥാന പോലീസ് കേസിന്റെ തുടരന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിനു പുറത്തേക്കും തട്ടിപ്പിന്റെ വേരുകള്‍ പടര്‍ന്നതിനാല്‍ ലോക്കല്‍ പോലീസിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പണം കടത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം പര്യാപ്തമാകില്ലെന്നു സര്‍ക്കാരും വിലയിരുത്തി.
കേസ് സിബിഐ ഏറ്റെടുക്കും വരെ നിലവിലെ അന്വേഷണം തുടരും. സ്ഥാപന ഉടമകളായ തോമസ് ഡാനിയല്‍ (റോയി), ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു മറിയം, റീബ മറിയം എന്നിവര്‍ പിടിയിലായതും മറ്റൊരു മകളായ റിയ ഒളിവില്‍ കഴിയുന്ന സ്ഥലം വ്യക്തമായി കണ്ടെത്തിയതുമാണ് ലോക്കല്‍ പോലീസ് അന്വേഷണത്തിലെ പ്രധാന നേട്ടം. റിയയുടെ അറസ്റ്റ് ഈ ദിവസങ്ങളിലുണ്ടാകും. 5 ദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ കസ്റ്റഡി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും കോടതിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നില്ല, കൂടാതെ ഹൈക്കോടതിയില്‍ പോപ്പുലര്‍ ഫൈനാന്‍സ് ഉടമകളുടെ ജാമ്യം നേടുന്നതിനുള്ള നടപടികള്‍ നീക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്നാണ് കോടതി തീരുമാനം.
ഇതിനിടെ കേരളം, കര്‍ണാടകം, ആന്ധ്ര, തമിഴ്‌നാട് എന്നിവടങ്ങളിലെ സ്വത്തുക്കളുടെ പ്രാഥമിക വിവരം അന്വേഷണ സംഘം കണ്ടെത്തി. 12 ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. വിവിധ ജില്ലകളില്‍ സ്വത്തുക്കള്‍ കുറഞ്ഞ വിലയില്‍ കൈമാറ്റം ചെയ്തതിന്റെയും രേഖകള്‍ കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിന് ഉപദേശം നല്‍കിയ ആളെയും നിരീക്ഷണത്തിലാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കമാണ് അന്വേഷണ സംഘം പ്രതികളുമായി സഞ്ചരിച്ചത്. ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലും ഹോട്ട് സ്‌പോട്ടുകളില്‍ നിന്നാണ് പോപ്പുലറിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തത്.
ഉടമകളില്‍ ആരെങ്കിലും രാജ്യം വിട്ടിരുന്നെങ്കില്‍ കേസിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. വഞ്ചനാക്കേസില്‍ മാത്രം ഒതുക്കാതെ നിക്ഷേപ സംരക്ഷണത്തിനായി സംസ്ഥാന, കേന്ദ്ര നിയമങ്ങളും പൊലീസ് പോപ്പുലര്‍ കേസില്‍ ചുമത്തയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. പ്രതികള്‍ രാജ്യം വിടുമെന്ന സൂചനയെ തുടര്‍ന്നു ജില്ലാ പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലറാണ് റിനുവിനെയും റീബയെയും ഡല്‍ഹി വിമാനത്താവളത്തില്‍ കുടുക്കിയത്. മക്കള്‍ പിടിയിലായതോടെ റോയിയും പ്രഭയും കീഴടങ്ങുകയായിരുന്നു.
ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് പോപ്പുലര്‍ കേസ് അന്വേഷിച്ചത്. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ അന്വേഷണം ആസൂത്രണം ചെയ്തു. അടൂര്‍ ഡിവൈഎസ്പി ബിനു ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. കോന്നി, കൂടുല്‍, ഏനാത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 3 പ്രത്യേക അന്വേഷണ സംഘം. വനിത ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം. ഫിനാന്‍സുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍ സൈബര്‍ സെല്ലിലെ വിദഗ്ധര്‍, രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സും.ഇതിനിടെ , ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസ് കോന്നി പോലീസിന് കൈമാറി കേസ് എടുത്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
ഏഴര കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ചുള്ളതാണ് പുതിയ പരാതി. കൃത്യമായ ആസൂത്രണത്തോടെ വിപുലമായി നടത്തിയ അന്വേഷണത്തിന്റെ ആദ്യ ഘട്ടമാണ് പോലീസ് പൂര്‍ത്തിയാക്കിയത്. ഏറ്റവും മികച്ച അന്വേഷണമാണ് പോപ്പുലര്‍ കേസില്‍ പൂര്‍ത്തിയാക്കിയതെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയും എസ്പി കെ.ജി.സൈമണും പറഞ്ഞു. അന്വേഷണത്തില്‍ പങ്കെടുത്ത മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഐജി അഭിനന്ദിച്ചു.