കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രത്യേകമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാലായിരത്തിലധികം പരാതികള്‍ കിട്ടിയിട്ടുണ്ട്. കേസുകള്‍ ഏകോപിപ്പിക്കുന്നതിന്റെ കാര്യത്തിന് വേണ്ടിയാണ് അവ കോന്നിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കോടതി പറഞ്ഞാല്‍ പ്രത്യേകം പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി, ഇടക്കാല ഉത്തരവിനായി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഓരോ പരാതിയിലും പ്രത്യേകം എഫ് ഐ ആര്‍ ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രതികള്‍ പണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. തട്ടിപ്പിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സിന്റെ അക്കൗണ്ടുകളില്‍ ശേഷിക്കുന്ന പണം കൈമാറ്റം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വത്തുക്കള്‍ കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസുകള്‍ക്കും കത്ത് നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് കേസുകള്‍ക്ക് മാത്രമായി തൃശൂരിലും ആലപ്പുഴയിലും പ്രത്യേകം കോടതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.