കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സി.ബി.ഐക്കെതിരെ നിക്ഷേപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് .വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
ഹൈക്കോടതി ഉത്തരവിട്ടിട്ടും സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി പി.ജി.ഐ.എ നീങ്ങിയത്. സി.ബി.ഐ ഡയറക്ടറെ പ്രതിയാക്കി നല്‍കിയ ഹര്‍ജി കഴിഞ്ഞ അവധിക്ക് പരിഗണിച്ചപ്പോള്‍ കേസ് ഏറ്റെടുത്തെന്നും കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുകയെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തെറ്റുകള്‍ മാപ്പാക്കണമെന്നും കോടതിയലക്ഷ്യ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിധിപറയാന്‍ മാറ്റുകയായിരുന്നു.
ഇന്ന് കേസ് പരിഗണിച്ച കോടതിയില്‍, കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ള പ്രകാരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിക്കുന്നതെന്നും അറിയിച്ചു. ഈ ടീമില്‍ ഫോറന്‍സിക്ക് വിദഗ്ദരും കൂടാതെ സാമ്പത്തിക തട്ടിപ്പ് അന്വേഷിച്ച് വിജയം നേടിയിട്ടുള്ള പരിചയസമ്പന്നരായ ഓഫീസര്‍മാരും ഉണ്ടെന്നും സി.ബി.ഐ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. നിരവധി മലയാളികള്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കൊച്ചി യൂണിറ്റിലെ ഒരു മലയാളി ഡി.വൈ.എസ്.പിയെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് പരാതിക്കാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമിടയിലെ ഭാഷാപരമായ ആശയക്കുഴപ്പം ഒഴിവാക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ എല്ലാം കോടതിയില്‍ രേഖാമൂലവും ഫയര്‍ ചെയ്തു. കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കണമെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
കേസ് ഇപ്പോള്‍ തീര്‍പ്പാക്കിയാല്‍ സി.ബി.ഐ പറഞ്ഞിരിക്കുന്നപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ നിക്ഷേപകര്‍ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ അവസരം നല്‍കണമെന്നും പി.ജി.ഐ.എക്കു വേണ്ടി ഹാജരായ അഡ്വ.രാജേഷ് കുമാര്‍ റ്റി.കെ കോടതിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിധിയില്‍ കോടതി ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു. കേസ് അന്വേഷണത്തില്‍ സി.ബി.ഐയുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച്ചകളോ പരാതിക്കാര്‍ക്ക് (പി.ജി.ഐ.എ അംഗങ്ങള്‍) ബുദ്ധിമുട്ടുകളോ ഉണ്ടാകുകയാണെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനിരയായവരെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു വിധിയാണ് ഇന്നുണ്ടായത്. അതായത് ഹൈക്കോടതിയുടെ ഒരു കടിഞ്ഞാന്‍ സി.ബി.ഐയുടെമേല്‍ ഉണ്ടാകും എന്നത് നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസമാണ്. എന്നാല്‍ ഈ നേട്ടങ്ങളില്‍ ചിലത് പി.ജി.ഐ.എ അംഗങ്ങള്‍ക്ക് മാത്രമേ ലഭിക്കൂവെന്നത് ഏറെപ്പേരെ നിരാശരാക്കും. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് നടന്നതിനെ തുടര്‍ന്ന് നിരവധി സംഘടനകള്‍ ഉടലെടുത്തിട്ടുണ്ട്. കോടതിയില്‍ പോകാന്‍ തയ്യാറെടുത്ത നിക്ഷേപകരെപ്പോലും ചില സംഘടനകള്‍ തടഞ്ഞു. സമരങ്ങളും കോലാഹലങ്ങളും കൊണ്ട് നിയമപരമായ സംരക്ഷണം ലഭിക്കും എന്ന് ചിലരെങ്കിലും കരുതി. എന്നാല്‍ തുടക്കം മുതല്‍ നിരവധി കേസുകളിലൂടെ നിക്ഷേപകര്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ നേടിയെടുക്കുന്നതില്‍ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈ സുപ്രധാന ഉത്തരവും നേടിയത് ഈ സംഘടനയാണ്.