പത്തനംതിട്ട : രണ്ടായിരം കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ അഞ്ചാം പ്രതിയും പോപ്പുലര്‍ എം.ഡി.തോമസ് ദാനിയേലിന്റെ മകളുമായ ഡോ. റിയ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. 17-ന് രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍നിന്നാണ് അന്വേഷണസംഘം റിയയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. 18-ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ റിയയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു.
കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അഞ്ചുപ്രതികളെയും ഒരുമിച്ച് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി. കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞ് പരിഗണിക്കാനായാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചത്. നിലമ്പൂരില്‍നിന്ന് റിയയെ കൂട്ടിക്കൊണ്ടുവന്ന രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.