കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന് ആരോപണം. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ ഈ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹകരണവും അന്വേഷണ സംഘത്തിന് ലഭിക്കുന്നില്ലെന്നാണ് വിവരം. കേസന്വേഷണം അട്ടിമറിക്കുവാന്‍ ചില കേന്ദ്രങ്ങള്‍ സംഘടിത ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും സമൂഹത്തിലെ ചില ഉന്നതരാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നതെന്നും തട്ടിപ്പിനിരയായ നിക്ഷേപകര്‍ ആരോപിക്കുന്നു.
നിരവധി നിക്ഷേപകരില്‍ നിന്നായി സിബിഐ ഇതിനോടകം മൊഴിയെടുത്തു. കൊച്ചിയിലെ സിബിഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് തെളിവെടുത്തത്. മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമാണ് ഈ ജോലിയെല്ലാം ചെയ്യുന്നത്. സി.ബി.ഐയെ സഹായിക്കുവാന്‍ കേരളാ പോലീസില്‍നിന്നും ആവശ്യമായവരെ വിട്ടുനല്‍കേണ്ടത് സര്‍ക്കാരാണ്. ഇതിന് ഇതുവരെ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കേസന്വേഷണം ഉദ്ദേശിക്കുന്ന രീതിയില്‍ മുമ്പോട്ടു പോകുന്നില്ല. കേസന്വേഷണത്തില്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ നിക്ഷേപകരോട് തുറന്നു പറയുന്നുണ്ട്. കേസന്വേഷണം എത്രയും വൈകിപ്പിക്കുവാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ ആരംഭം മുതല്‍ സര്‍ക്കാരിന്റെ അലംഭാവവും പോലീസിന്റെ നിഷ്ക്രിയത്വവും പ്രകടമായിരുന്നു. പ്രതികളെ സഹായിക്കുന്ന രീതില്‍ സംസ്ഥാന പോലീസ് മേധാവി തന്നെ വിചിത്രമായ ഉത്തരവും പുറത്തിറക്കിയിരുന്നു. ആയിരക്കണക്കിന് പരാതികള്‍ക്ക് ഒരു എഫ്.ഐ.ആര്‍ മതിയെന്നായിരുന്നു ഇത്. ഇതിലൂടെ ഒരുകേസില്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം എടുത്താല്‍ മതിയാകുമായിരുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് വേണ്ടി പി.ജി.ഐ.എ എന്ന സംഘടന കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഡി.ജി.പിയുടെ വിവാദ ഉത്തരവ് റദ്ദ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കുറെയെങ്കിലും പരാതികള്‍ പോലീസ് സ്വീകരിച്ചതും എഫ്.ഐ.ആര്‍ ഇട്ടുനല്കിയതും.
പ്രമാദമായ ഈ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് കേന്ദ്ര എജന്‍സികളായ സി.ബി.ഐ, എസ്.എഫ്.ഐ.ഓ, ഇ.ഡി എന്നിവരാണ്. ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത് ഇവരുടെ സാമ്പത്തിക ഇടപാടുകളാണ്. വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയിട്ടുണ്ടെന്നും ഇ.ഡി ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് ഇന്‍ഫോഴ്സ് മെന്റ് നടത്തുന്നത്. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലായാണ് ഇടപാടുകള്‍ എന്നതിനാല്‍ ഇന്റര്‍ പോളിന്റെ സേവനവും ഇവര്‍ തേടിയിട്ടുണ്ട്. © Copyright Pathanamthitta Media 2021. All rights reserved