കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഹൈക്കോടതി സി.ബി.ഐയോട് രേഖാമൂലമുള്ള വിശദീകരണം ആരാഞ്ഞു. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ പി.ജി.ഐ.എ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും. സി.ബി.ഐ ഡയറക്ടറെ ഹൈക്കോടതിയില്‍ വിളിച്ചുവരുത്തി ശാസിക്കണമെന്നായിരുന്നു കോടതിയലക്ഷ്യ ഹര്‍ജിയിലൂടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടത്.
ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടും കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ വിമുഖത കാട്ടുകയായിരുന്നു. കേരളത്തിലും പുറത്തുമായി നാലായിരത്തിലധികം കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ പോലീസ് സ്വീകരിച്ചു വന്നത്. രാഷ്ട്രീയ നേതാക്കളും ചില മത മേലദ്ധ്യക്ഷന്‍മാരും പ്രതികളെ രക്ഷപെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെട്ടു. സംസ്ഥാന സര്‍ക്കാരും തട്ടിപ്പിനിരയായ നിക്ഷേപകരെ സഹായിച്ചില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരായ നിക്ഷേപകര്‍ ജീവിതം വഴിമുട്ടി നീങ്ങുകയാണ്. ഇതുവരെ പതിനഞ്ചിലധികം നിക്ഷേപകര്‍ മരിച്ചു. ഇതില്‍ ആത്മഹത്യ ചെയ്തവരും ഹൃദയാഘാതംമൂലം മരിച്ചവരുമുണ്ട്. ഇത്രയൊക്കെ ആയിട്ടും നിക്ഷേപകരുടെ വേദന കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യം.
നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്ന പണം പ്രലോഭനങ്ങളില്‍ക്കൂടി പോപ്പുലര്‍ ഫിനാന്‍സില്‍ എത്തിക്കുകയായിരുന്നു. ഇതിന് ചില ജീവനക്കാരും മാനേജര്‍മാരുമാണ് ചുക്കാന്‍ പിടിച്ചത്. ഒരു ലക്ഷം രൂപയുടെ നിക്ഷേപം ലഭിച്ചാല്‍ 5000 രൂപ മാനേജര്‍മാര്‍ക്ക് അപ്പോള്‍ത്തന്നെ കമ്മീഷന്‍ ലഭിച്ചിരുന്നു. വസ്തു വിറ്റുകിട്ടിയ പണവും ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച പണവും പലരും പോപ്പുലറില്‍ നിക്ഷേപിച്ചു. മകളുടെ വിവാഹത്തിന് സൂക്ഷിച്ച പണവും വീട് വെക്കുവാന്‍ സ്വരുക്കൂട്ടിയ തുകയും ഇവിടെ നിക്ഷേപിച്ചു. വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി പട്ടിണി കിടന്ന് സമ്പാദിച്ച തുകയും പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടു. പത്തുലക്ഷത്തിന് മുകളിലാണ് മിക്കവരുടെയും നിക്ഷേപ തുക. ഒരു നിക്ഷേപത്തില്‍ നിന്ന് മാത്രം മാനേജര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ അന്‍പതിനായിരം രൂപയാണ്. ജീവനക്കാര്‍ക്കും പ്രത്യേകം കമ്മീഷന്‍ നല്‍കിയിരുന്നു. ശമ്പളത്തിന്റെ പലമടങ്ങ് കമ്മീഷന്‍ ലഭിച്ചിരുന്നതിനാല്‍ ജീവനക്കാരും ഹാപ്പി ആയിരുന്നു. പോപ്പുലര്‍ തകര്‍ച്ചയില്‍ ആണെന്നറിയാമായിരുന്നിട്ടും ജീവനക്കാര്‍ ആരും ഇക്കാര്യം പുറത്തു പറയാതിരുന്നത് ഇതുകൊണ്ടാണ്. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കിനല്‍കാന്‍ കഴിയാതിരുന്നതോടെയാണ് പ്രശ്നം കൈവിട്ടുപോയത്. പറഞ്ഞ അവധികളില്‍ ഒന്നും പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ കോന്നി – വകയാറിലെ കേന്ദ്ര ഓഫീസില്‍ എത്തി ജീവനക്കാരെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലാണ് ചിലരെങ്കിലും സത്യം തുറന്നു പറയാന്‍ തയ്യാറായത്. പോപ്പുലര്‍ ഫിനാന്‍സ് തകരുന്നുവെന്ന വാര്‍ത്ത ആദ്യം പത്തനംതിട്ട മീഡിയയാണ് ഫെയ്സ് ബുക്ക് ലൈവിലൂടെ പുറത്തെത്തിച്ചത്. എന്നാല്‍ ഇക്കാര്യം വിശ്വസിക്കുവാന്‍ ആദ്യം പലരും തയ്യാറായിരുന്നില്ല.
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കണക്കിലില്ലാത്ത കോടികള്‍ പോപ്പുലറില്‍ നിക്ഷേപിച്ചിരുന്നു എന്നാണ് വിവരം. ഒപ്പം ചില മത മേലദ്ധ്യക്ഷന്‍മാരുടെയും വൈദികരുടെയും പണവും ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. തങ്ങളുടെ പണം എങ്ങനെയും തിരികെ എടുക്കാനായിരുന്നു ഇവരുടെ നീക്കം. ഇവരാരും തന്നെ പരാതിയുമായി പോലീസിനെയോ കോടതിയേയോ സമീപിച്ചിട്ടില്ല. പരാതിയുമായി നീങ്ങിയാല്‍ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാല്‍ സഭാ പിതാക്കന്മാരുടെ നേത്രുത്വത്തില്‍ രഹസ്യമായി ഒത്തുതീര്‍പ്പ് ഫോര്‍മുല ഒരുങ്ങുകയായിരുന്നു. തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഒതുക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിനെത്തുടര്‍ന്നാണ് എല്ലാ പരാതിക്കും കൂടി ഒരു എഫ്.ഐ.ആര്‍ മതിയെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്.
പോലീസില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നിക്ഷേപകര്‍ സംഘടിച്ച് കോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് ഒന്നിനുപിറകെ മറ്റൊന്നായി കേസുകള്‍ ഹൈക്കോടതിയില്‍ എത്തി. കേസിന് ആദ്യം മുന്നിട്ടിറങ്ങിയത് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനാണ്. ഇന്ത്യയിലെതന്നെ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ ‘ന്യൂട്ടന്‍സ് ലോ’ യെയാണ് ഇവര്‍ കേസ് ഏല്‍പ്പിച്ചത്. തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കുംവരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിക്ഷേപകര്‍ക്ക് കോടതികളില്‍ നിന്നു മാത്രമേ നീതി ലഭിക്കുകയുള്ളുവെന്നും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ മനോജ് വി.ജോര്‍ജ്ജും കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ രാജേഷ് കുമാര്‍ റ്റി.കെ യും പറഞ്ഞു.