പത്തനംതിട്ട : പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ വിറ്റ പണം വിദേശത്തേക്കു കടത്തിയതു സംബന്ധിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യങ്ങൾക്ക് ഉടമയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല. പ്രമാണത്തിൽ കാണിച്ച വിലയിൽ തന്നെയാണ് വിറ്റതെന്ന മറുപടിയാണ് 2 ദിവസത്തെ ചോദ്യം ചെയ്യലിൽ ഉടമ ആവർത്തിച്ചതെന്നാണ് സൂചന. എന്നാൽ, കോടികളുടെ വസ്തു ഇടപാട് നടന്നതായും പ്രമാണത്തിൽ വില കുറച്ച് കാണിച്ചു ബാക്കി പണം വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇഡിക്ക് ലഭിച്ച വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമ റോയി ഡാനിയേലിനെ 2 ദിവസം ജയിലിൽ ചോദ്യം ചെയ്തത്. സ്വത്തുക്കളുടെ കൈമാറ്റവും വിദേശത്തേക്ക് പണം കടത്തിയതുമാണ് എൻഫോഴ്സമെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. റോയിയുടെ ഭാര്യ, മക്കൾ എന്നിവരിൽ നിന്നു കൂടി മൊഴി എടുത്ത ശേഷം ജീവനക്കാരിലേക്ക് അന്വേഷണം എത്തും. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമപ്രകാരം ജീവനക്കാരും പ്രതികളായി വരുന്ന സാഹചര്യത്തിൽ സ്വത്തുക്കളുടെ കൈമാറ്റം കണ്ടെത്താൻ ജീവനക്കാരുടെ മൊഴി സഹായിക്കുമെന്നാണ് ഇഡി കരുതുന്നത്.
നിക്ഷേപം തിരികെ നൽകേണ്ടതില്ലെന്ന ബോധ്യത്തോടെയാണ് 12% പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരെ ആകർഷിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിക്ഷേപം സംഘടിപ്പിക്കുന്നതിന് മാനേജർമാർക്ക് ഉയർന്ന തുക കമ്മീഷൻ നൽകിയിരുന്നു. ആകർഷകമായ ശമ്പളം ഇല്ലായിരുന്നെങ്കിലും നിക്ഷേപത്തിനു ലഭിക്കുന്ന ഇൻസന്റീവാണ് മാനേജർമാരെ സ്ഥാപനത്തിൽ പിടിച്ചു നിർത്തിയിരുന്നതെന്ന മൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
കൂട്ടു പ്രതികളാകുന്ന സാഹചര്യത്തിൽ ജീവനക്കാരിൽ നിന്ന് കൂടുതൽ വെളിപ്പെടുത്തൽ അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു. മാപ്പു സാക്ഷികളാകാൻ ചിലർ താൽപര്യം അറിയിച്ചതായും സൂചനയുണ്ട്. പണയം വെച്ച സ്വർണം വീണ്ടും പണയം വെച്ച് ആ പണം പലിശയ്ക്കു നൽകണമെന്ന് ഹെഡ് ഓഫീസിൽ നിന്ന് നിർദേശം നൽകിയിരുന്നതായി ഒരു ശാഖാ മാനേജർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പലിശയ്ക്കു നൽകുന്നതിനു പകരം പണയപ്പണം കോന്നിയിലെ ഹെഡ് ഓഫീസ് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച വരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി. വെളിപ്പെടുത്തിയതും വെളിപ്പെടുത്താത്തതുമായി സ്വത്തുക്കൾ സംബന്ധിച്ചുള്ള വിവര ശേഖരണം പൂർത്തിയായ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. വിദേശ പൗരത്വം നേടിയ ബന്ധുക്കളുടെ പേരിലേക്കു സ്വത്തുക്കൾ മാറ്റിയാൽ മരവിപ്പിക്കൽ എളുപ്പമാകില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വത്തുക്കളുടെ അന്തിമ പട്ടിക പൂർത്തിയാകാത്തതിനാൽ മരവിപ്പിക്കൽ നടപടികളിലേക്ക് ഇഡി കടന്നിട്ടില്ല. അതേസമയം, കേസ് അന്വേഷണം ഇതുവരെ സിബിഐ ഏറ്റെടുത്തിട്ടില്ല. സംസ്ഥാന പോലീസ് തന്നെയാണ് ഇപ്പോഴും കേസ് കൈകാര്യം ചെയ്യുന്നത്.