കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു. കേരളാ ഹൈക്കോടതിയുടെ നവംബര്‍ 23 ലെ ഉത്തരവ് നടപ്പിലാക്കിയില്ല എന്ന് കാണിച്ച് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അടിയന്തിരമായി സി.ബി.ഐ ഏറ്റെടുക്കണമെന്നും സി.ബി.ഐക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ഉടനടി നല്‍കണമെന്നും നവംബര്‍ 23 ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബഡ്സ് ആക്ട് നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രൂപീകരിക്കണമെന്നും ഈ കാലയളവിനുള്ളില്‍ തന്നെ ബഡ്സ് കോടതികള്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ബഡ്സ് ആക്ട് നടപ്പിലാക്കുവാന്‍ രൂപീകരിച്ച കോമ്പിറ്റന്റ് അതോറിറ്റി പോപ്പുലര്‍ പ്രതികളുടെ സ്വത്തുക്കളും പോപ്പുലര്‍ ഫിനാന്‍സിന്റെയും അതിന്റെ എല്ലാ അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ സ്വത്തുക്കളും ഉടനടി ജപ്തി ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
ഹൈക്കോടതി നല്‍കിയ സമയം ഡിസംബര്‍ ഏഴിന് കഴിഞ്ഞിരുന്നുവെങ്കിലും ഹൈക്കോടതി ഉത്തരവിലെ ഒരുകാര്യവും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. തന്നെയുമല്ല ഉത്തരവിലെ കക്ഷിയും മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ റിനു മറിയം തോമസ് കൊച്ചിയിലെ എന്‍.സി.എല്‍.റ്റി കോടതിയില്‍ ആലപ്പുഴയിലെ വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഹാജരാകുകയും നിലവിലുള്ള ഹൈക്കോടതി കേസുകളും ഉത്തരവുകളും മറച്ചുവെച്ചുകൊണ്ട് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. വിചാരണ കോടതിയുടെ റിമാന്റ് പ്രതിയായി തിരുവനന്തപുരം വനിതാ ജയിലില്‍ കഴിയവേ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് റിനു മറിയം എന്‍.സി.എല്‍.റ്റി കോടതിയില്‍ ഹാജരായത്.
മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ ബിസിനസ് മാനേജരും തന്റെ വലം കയ്യുമായ തൃശൂര്‍ സ്വദേശി പ്രമോദ് മുഖേനയാണ് എന്‍.സി.എല്‍.റ്റി കോടതിയില്‍ കമ്പിനി പെറ്റീഷന്‍ ഫയല്‍ ചെയ്തത്. നിലവില്‍ പോപ്പുലര്‍ ഫിനാന്‍സും അതിന്റെ എല്ലാ അനുബന്ധ സ്ഥാപനങ്ങളും ജപ്തി ചെയ്യണമെന്നും ഉടമകളുടെ മുഴുവന്‍ സ്വത്തുക്കളും ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടുവാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികള്‍ എന്‍.സി.എല്‍.റ്റി കോടതിയില്‍ കേസുമായി പോയത്. ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ നിക്ഷേപകര്‍ കോടതിയലക്ഷ്യ നടപടിയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ചിലര്‍ ഇപ്പോഴും പ്രതികളെ സഹായിക്കുന്നുണ്ടെന്നും ഇവരും തട്ടിപ്പിലെ പ്രധാന പങ്കാളികളാണെന്നും നിക്ഷേപകര്‍ പറയുന്നു.
കേരള ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ഡി.ജി.പി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്. സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഹാജരായി. വിശദമായി വാദംകേട്ട കോടതി ഇക്കാര്യത്തില്‍ രൂക്ഷമായി പ്രതികരിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ മതിയായ വിശദീകരണം എതിര്‍ കക്ഷികള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ പോപ്പുലര്‍ കേസിലെ പ്രതികളും തൃപ്തികരമായ വിശദീകരണം നല്‍കണം. ജസ്റ്റീസ് സോമരാജന്റെ ബഞ്ചിലാണ് ഇന്ന് കേസ് പരിഗണിച്ചത്.