പത്തനംതിട്ട: 2000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ ആസൂത്രണത്തിൽ മുഖ്യ പങ്കുവഹിച്ചത് ഉടമയുടെ കുടുംബത്തിലെ മൂന്നുപേരാണെന്ന് അന്വേഷണസംഘം. മാനേജിങ് ഡയറക്ടർ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മകൾ റിനു മറിയം തോമസ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികൾ. തോമസ് ദാനിയേലിന്റെ മറ്റ് മക്കളായ റിയ, റേബ എന്നിവർക്ക് ഇവരെ അപേക്ഷിച്ച് ഗൂഢാലോചനയിൽ കുറഞ്ഞ പങ്കാളിത്തമേയുള്ളൂവെന്നാണ് പോലീസിൻ്റെ നിഗമനം.
നിക്ഷേപമായി കിട്ടിയ തുക കൊണ്ട് സംസ്ഥാനത്തും പുറത്തുമായി തോമസ് ദാനിയേൽ ഭൂമി വാങ്ങിക്കൂട്ടി. വസ്തുക്കളിൽ ചിലത് അടുത്തിടെ വിലകുറച്ച് വിറ്റെന്നും കണ്ടെത്തി. കോന്നി ജംഗ്ഷനിൽ സെന്റിന് 22 ലക്ഷം രൂപ വെച്ച് വാങ്ങിയ 24 സെന്റ് സ്ഥലം സെന്റിന് 17 ലക്ഷത്തിനാണ് മറിച്ചുവിറ്റത്. പത്തനംതിട്ട നഗരത്തിൽ സെന്റിന് എട്ട് ലക്ഷം വിലമതിക്കുന്ന സ്ഥലം സെന്റിന് രണ്ട് ലക്ഷം രൂപയ്ക്കും മറിച്ചുവിറ്റു.
നിക്ഷേപത്തുക തൃശ്ശൂർ ആസ്ഥാനമായുള്ള മേരിറാണി നിധി ലിമിറ്റഡിലേക്ക് വകമാറ്റി കൊണ്ടുപോയത് റിനു മറിയം തോമസാണ്. മേരിറാണി നിധി ലിമിറ്റഡിന്റെ 100 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. റിനുവിന്റെ ഭർതൃവീട്ടുകാരുടെ ബന്ധുക്കൾക്കും തുക നൽകിയിട്ടുണ്ടെന്നാണ് സൂചന.
ജയിലിൽ കഴിയുന്ന പോപ്പുലർ ഉടമകളായ അഞ്ചുപേരെയും വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. അടുത്തിടെ അറസ്റ്റിലായ ഡോ. റിയ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഉടമകളെ കൂട്ടായും ഒറ്റയ്ക്കും ചോദ്യംചെയ്യാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.