പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസ് പുതിയ വഴിതിരിവിലേക്ക്. കേസിലെ പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ മക്കളായ റീനു, റിയ, റീബ എന്നിവരുടെ വിദേശ നിക്ഷേപത്തിൻ്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
റോയി ഡാനിയേലും ഭാര്യയും മക്കളും നിക്ഷേപം നടത്തിയത് ഓസ്ട്രേലിയയിൽ ആണെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും പ്രതികളെ ചോദ്യം ചെയ്തു. അഞ്ചു പ്രതികളെ ഒന്നിച്ചിരുത്തിയും ഒറ്റയ്ക്ക് ഇരുത്തിയും നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടത്. അഞ്ച് പ്രതികളുടെയും മൊഴികളിൽ വൈരുദ്ധ്യമുള്ളതായും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇവരെ കൂടുതൽ ചോദ്യം ചെയ്യും.
രണ്ടായിരത്തി അഞ്ഞുറ് കോടി രൂപയുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ ഇതുവരെ നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരമെങ്കിലും ഇവരുടെ തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും കൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.