കോന്നി : കോന്നി വകയാറിലെ പോപ്പുലർ ഗ്രുപ്പ് ഉടമകൾ നിക്ഷേപകരെ വഞ്ചിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിയെടുത്ത സംഭവത്തിൽ പോപ്പുലര്‍ ഗ്രുപ്പ് ഉടമകളെ കണ്ടെത്താൻ പോലീസ് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തം. പോപ്പുലര്‍ ഫിനാന്‍സിനെതിരെ കഴിഞ്ഞ ദിവസം 48 നിക്ഷേപകരാണ് കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കോവിഡുമായി ബന്ധപ്പെട്ട് പോലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ടെങ്കിലും പ്രതികള്‍ ജില്ല വിട്ടു പോയി എന്നാണ് പരാതിക്കാർ പറയുന്നത്.
വിദേശത്തേക്ക് കടക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പോപ്പുലർ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ റോയിയും കുടുംബാംഗങ്ങളും പോകാൻ തടസ്സമുണ്ടായതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയെന്ന വാർത്തയും ഇതിനിടെ പുറത്തു വന്നു . സംസ്ഥാനത്തിന് പുറത്ത് മറ്റേതെങ്കിലും വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും നിക്ഷേപകര്‍ കണക്കു കൂട്ടുന്നു. നിക്ഷേപകരുടെ പരാതി ലഭിച്ചതോടെ പോലീസ് വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ വിദേശത്തേക്ക് കടക്കുവാന്‍ സാധ്യത കുറവാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
കേരളത്തിന് അകത്തും പുറത്തുമായി മുന്നൂറോളം ബ്രാഞ്ചുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഉള്ളയാള്‍ കോന്നി വകയാറിലെ പ്രധാന ഓഫീസ് അടച്ചു മുങ്ങിയിട്ടു ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്തത് ഉന്നതരുടെ ഇടപെടൽ മൂലമാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
വകയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസ് എന്ന ഈ സ്ഥാപനം ആയിരകണക്കിന് വ്യക്തികളുടെ നിക്ഷേപങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. കാലാവധി കഴിഞ്ഞ നിക്ഷേപം മടക്കി വാങ്ങാൻ ചെന്നവരോട് ഒഴിവു കഴിവുകൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു . വിവരം പുറത്തറിഞ്ഞു നിക്ഷേപകർ സംഘടിച്ചതോടെ ഇവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു . പിന്നീട് വകയാറിലെ ഓഫീസ് ആസ്ഥാനം പൂട്ടി ഉടമകൾ സ്ഥലം വിടുകയായിരുന്നു.
തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലകാരായ നിക്ഷേപകരാണ് കൂടുതലായും വഞ്ചിക്കപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ നിരവധി ഗൾഫ് മലയാളികളും നിക്ഷേപകരിൽ ഉൾപ്പെടും . പോപ്പുലർ ഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോന്നി എം എല്‍ എ കെ യു ജനീഷ് കുമാറിനും നിക്ഷേപകർ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/mediapta/videos/2803146803302415/