കോന്നി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് സർക്കാരും ഓരോ കേസുകൾക്കും പ്രത്യേക എഫ് ഐ ആറുകൾ തയ്യാറാക്കണമെന്ന ഹൈക്കോടതി ഉത്തരവും കൂടി വന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തും. സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഭാഗത്ത് നിന്ന് നിക്ഷേപകർക്ക് അനുകുലമായ നിലപാടുകൾ വന്നതോടെയാണ് കൂടുതൽ നിക്ഷേപകർ പരാതികളുമായി രംഗത്തു വരുന്നത്.
അരലക്ഷത്തിലധികം നിക്ഷേപകരിൽനിന്നും കണക്കിൽപ്പെട്ട 2000 കോടിയും നിക്ഷേപകർ പണയംവെച്ച സ്വർണം വീണ്ടും പണയംവെച്ച് 80 കോടിയിലധികം രൂപയുമാണ് പോപ്പുലർ ഫിനാൻസ് ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ്, റിയ ആൻ തോമസ്, റേബ മേരി തോമസ് എന്നിവർ ചേർന്ന് തട്ടിയെടുത്തത്. 2014 മുതൽ നടത്തിയ ഗൂഢാലോചനയിലൂടെ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഒരു കുടുംബം നടത്തിയത്. സാമ്പത്തിക തട്ടിപ്പിൽ റിയ ഒഴികെ ബാക്കിയുള്ളവരെ കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ കൊണ്ടുപോയിരുന്നു. തട്ടിപ്പിന്റെ വലിയ വ്യാപ്തി അന്വേഷണസംഘം കണ്ടെത്തിയത് ഇങ്ങനെയാണ്. തമിഴ്നാട്ടിൽ 48 ഏക്കർ, ആന്ധ്ര 22 ഏക്കർ, തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ, തൃശൂർ, പുണെ എന്നിവിടങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ എന്നിവ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ജാമാതാക്കളുടെ നാടായ തൃശൂരിൽ പോപ്പുലറിന് കൂടുതൽ ബിനാമി നിക്ഷേപങ്ങൾ ഉള്ളതായി വ്യക്തമായി. കൂടാതെ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി വാങ്ങിക്കൂട്ടിയ ഇരുപതിൽപരം വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചെമ്മീൻ കൃഷിക്കായി വാങ്ങിയ മിനി കണ്ടെയ്നർ ലോറി എന്നിവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായി വമ്പൻമാർ കോടികളാണ് പോപ്പുലറിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇവർ ആരും പരാതികളുമായി രംഗത്തെത്തിയിട്ടില്ല. ഇവർകൂടി പരാതിയുമായി രംഗത്തെത്തിയാൽ തട്ടിപ്പിന്റെ വ്യാപ്തി പലമടങ്ങാകും.