പത്തനംതിട്ട: ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നു നീക്കം ഉണ്ടായതായി ആരോപണം. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നീക്കം നടന്നതിന്റെ ഭാഗമായിരുന്നു എല്ലാ കേസിനും കൂടി ഒറ്റ എഫ്.ഐ.ആര്‍. എന്ന ഡി.ജി.പിയുടെ ഉത്തരവ്.
ഒറ്റക്കേസില്‍ ജാമ്യം ലഭിച്ചാല്‍ പിന്നീട് പ്രതികള്‍ക്ക് പുറത്തിറങ്ങി പാപ്പര്‍ ഹര്‍ജിയും ഫയല്‍ ചെയ്‌ത് രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. ഇതിനാണു ഹൈക്കോടതി ഇടപെടലോടെ അന്ത്യമായിരിക്കുന്നത്. എല്ലാ കേസുകളിലും എഫ് ഐ ആർ ഇടാൻ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മെല്ലെപ്പോക്ക് നയം പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനിടയിലാണ് പോപ്പുലറില്‍ പണം നിക്ഷേപിച്ചവരില്‍ ചില ഉന്നതരുടെ ഒത്താശയാണ് പോലീസിന്റെ മെല്ലെപ്പോക്ക് നയത്തിന് കാരണമെന്ന ആരോപണം ഉയരുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളും പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇവർ നിക്ഷേപിച്ചതില്‍ കുടുതലും കള്ളപ്പണമാണ്. ഇവർക്ക് കണക്ക് വെളിപ്പെടുത്താൻ സാധിക്കാത്തതിനാൽ ഇവരുടെ പരാതികള്‍ ഇതുവരെ പോലീസിലോ കോടതിയിലോ എത്തിയിട്ടുമില്ല. പോപ്പുലര്‍ ഉടമകളെ പിന്നില്‍ നിന്ന് സഹായിക്കുന്നതിലൂടെ ഇവരുടെ കോടികള്‍ തിരിച്ചെടുക്കാം എന്ന ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ട്.
ഇതിനിടയിൽ റോയിയെയും ഭാര്യ പ്രഭയെയും അറസ്‌റ്റ് ചെയ്‌തതും ധാരണയുടെ പുറത്തായിരുന്നു എന്ന വിവരങ്ങളും പുറത്തു വരുന്നത്. അറസ്‌റ്റിന് മുന്‍പ് സംസ്‌ഥാന സര്‍ക്കാരിലെ പ്രമുഖനുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ ഒരു പുരോഹിതന്‍ ഇടപെട്ടാണ് ഇവരെ പോലീസിന് കൈമാറിയത്. ഇടിഞ്ഞില്ലത്തെ ലോഡ്‌ജില്‍നിന്നു പോലീസ് അറസ്‌റ്റ് ചെയ്‌തുവെന്ന് പ്രചരിപ്പിക്കുകയും ചെയ്‌തു.
ഇടിഞ്ഞില്ലത്ത് പോലീസ് ഒരുക്കിയ തിരക്കഥയിലെ ലോഡ്‌ജ് ഇല്ലെന്നും ആ കഥ പോലീസ് മനപൂർവ്വം മെനഞ്ഞെടുത്തതായിരുന്നു എന്നാണ് വിവരം. മുൻധാരണ പ്രകാരം ചങ്ങനാശേരിയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ വന്ന പ്രതികളെ ഇടിഞ്ഞില്ലത്തുവെച്ച് ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്താൽ എസ്.പി ഓഫീസിലേക്ക് കൊണ്ടു വരികയായിരുന്നു എന്നും അതല്ല ഇവര്‍ പത്തനംതിട്ട നഗരത്തില്‍ തന്നെയുള്ള സുരക്ഷിത കേന്ദ്രത്തില്‍ ആയിരുന്നു എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഈ സമയമെല്ലാം കോന്നി സ്‌റ്റേഷനില്‍ ഒരു എഫ്.ഐ.ആര്‍ മാത്രമാണ് പോപ്പുലര്‍ തട്ടിപ്പ് കേസില്‍ ഉണ്ടായിരുന്നത്. സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ ഈ എഫ്.ഐ.ആറില്‍ ചേര്‍ത്തു. ഇതിന്റെ ഗുണം പോപ്പുലര്‍ ഉടമകള്‍ക്ക് ലഭിക്കാന്‍ വേണ്ടിയായിരുന്നു പോലീസിന്റെ എഫ്.ഐ.ആര്‍ തന്ത്രം. അത് ഉത്തരവാക്കി ഡി.ജി.പി പുറത്തു വിട്ടതും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയായിരുന്നു എന്നാണ് ആരോപണം ശക്തമായിരിക്കുന്നത്.
ഒറ്റ എഫ്.ഐ.ആര്‍ മാത്രമുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അപ്പോള്‍ തന്നെ പുറത്ത് ഇറങ്ങാമായിരുന്നു. വഞ്ചന, തട്ടിപ്പ് കേസുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് എല്ലാം അതത് സ്‌റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യുന്നതാണ് പതിവ്. ഇവരെ സഹായിക്കാനുള്ള പോലീസിന്റെ പദ്ധതിയാണ് ഹൈക്കോടതി ഇടപെടലിൽ പൊളിഞ്ഞിരിക്കുന്നത്.