പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫിനാൻസ് ഉടമകളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ ഇന്ന് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ ഭാര്യ പ്രഭാ ഡാനിയേൽ മക്കളായ റിനു മറിയം തോമസ്, റീബ തോമസ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.
തോമസ് ഡാനിയേൽ ഇപ്പോൾ കൊട്ടാരക്കര സബ്ബ് ജയിലിലും ഭാര്യയും രണ്ടു പെൺമക്കളും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത് . ശനിയാഴ്ച ഇവരുടെ ബന്ധുവീടുകളിലും സ്ഥാപനങ്ങളിലുമായി പോലീസ് റെയ്ഡ് നടത്തിയിരുന്നു. നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും പോലീസ് വകയാറിലെ ഹെഡ് ഓഫീസ് സീൽ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഉടമകൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ പാപ്പർ ഹർജി പത്തനംതിട്ട സബ്കോടതിയിൽ ഇന്ന് പരിഗണിക്കും.
സാൻ പോപ്പുലർ ഫിനാൻസ് ലിമിറ്റഡ്, പോപ്പുലർ ട്രഡേഴ്സ്, എം.ആർ.പി.എൻ സ്കീം, സാൻ പോപ്പുലർ ബോണ്ട്, മൈ പോപ്പുലർ മറൈൻ, മേരി റാണി നിധി ലിമിറ്റഡ്, സാൻ പോപ്പുലർ ബിസിനസ് സൊല്യൂഷൻ, സാൻ ഫ്യൂവൽസ്, പോപ്പുലർ എക്സ്പോർട്ട്, പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ സൂപ്പർ മാർക്കറ്റ്, വകയാർ ലാബ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.