പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് സിബിഐ ഏറ്റെടുക്കുന്നതുവരെ നിലവിലുള്ള അന്വേഷണം തുടരുമെന്നു ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ. കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ഉത്തരവ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതു ലഭ്യമാകുന്ന മുറയ്ക്ക് അന്വേഷണം സിബിഐക്കു കൈമാറും. കേരള പോലീസ് ഫലപ്രദമായാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ അന്വേഷണ പരിചയമുള്ള ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള 25 അംഗ അന്വേഷണ സംഘത്തിൽ മിടുക്കരായ ഉദ്യോഗസ്ഥരാണുള്ളത്.
അഞ്ചു പ്രതികളെ വേഗത്തിൽ കസ്റ്റഡിയിലെടുത്തതിനു പുറമേ തട്ടിപ്പു സംബന്ധിച്ച ഒട്ടേറെ രേഖകളും തെളിവുകളും പോലീസിന് ശേഖരിക്കാനായി. ഇതരസംസ്ഥാനങ്ങളിലും പോയി വിവരങ്ങൾ ശേഖരിച്ചു. ഈ തെളിവുകളെല്ലാം സിബിഐയ്ക്കു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് പണമിടപാട് നടന്നതായും വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്
സംസ്ഥാനത്തിനകത്തും പുറത്തുമായി പോപ്പുലർ ഫിനാൻസ് 2000 കോടിയുടെ നിക്ഷേപ തട്ടിപ്പു നടത്തിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത് പോപ്പുലർ ഉമടകളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ എന്നിവർ കീഴടങ്ങുന്നതിനു മുമ്പ് കോടികൾ തങ്ങളുടെ വിശ്വസ്തനായ ഒരു ബ്രാഞ്ച് മാനേജർക്കു കൈമാറിയതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഈ ബ്രാഞ്ച് മാനേജരെ വരുംദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണ് സാധ്യത.