പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട തിരിമറികളുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പോപ്പുലർ ഫിനാൻസിലേക്കു ലഭിച്ചിരുന്ന നിക്ഷേപം വകമാറ്റയതിനു പിന്നിൽ കുടുംബാംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ പങ്കാളിത്തമാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി) കമ്പനികൾ രൂപീകരിച്ച് നിക്ഷേപം വകമാറ്റിയതു തട്ടിപ്പു ലക്ഷ്യമിട്ടാണ്.
നിക്ഷേപത്തിന് ഒരു സുരക്ഷയും ലഭിക്കില്ലെന്നറിയാമായിരുന്നിട്ടും തട്ടിപ്പ് മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു വ്യക്തമാണ്. പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തുന്നയാൾക്ക് നൽകിയിരുന്നത് വിവിധ എൽഎൽപികളുടെ സർട്ടിഫിക്കറ്റാണ്. സംരംഭ പങ്കാളിയെന്ന നിലയിലാണ് ഓരോ നിക്ഷേപകനെയും കമ്പനി ചേർത്തിരുന്നത്. നിക്ഷേപകനോടാകട്ടെ ഇക്കാര്യം വ്യക്തമാക്കിയതുമില്ല. എൽഎൽപികൾക്കുണ്ടായ നഷ്ടത്തിന് ഇതിലൂടെ സംരംഭകനെന്ന നിലയിൽ നിക്ഷേപകനും പങ്കാളിത്തമായി.
ഇത്തരത്തിൽ 21 എൽഎൽപികൾ പോപ്പുലറുമായി ബന്ധപ്പെട്ടുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കമ്പനികളെല്ലാം നഷ്ടത്തിലായെന്നാണ് പോപ്പുലർ ഉടമ പോലീസിനോടു വ്യക്തമാക്കിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിട്ടുള്ള പാപ്പർ ഹർജിയിലും ഇതു വ്യക്തമാക്കുന്നുണ്ട്. നിയമപരമായ സംരക്ഷണത്തിനുവേണ്ടി തയാറാക്കിയ പദ്ധതിയാണിത്. ആസൂത്രിതമായ തട്ടിപ്പിന്റെ ചുരുളാണ് ഇതിലൂടെ പുറത്താകുന്നത്.
ഇത്തരമൊരു തട്ടിപ്പിനു പ്രേരിപ്പിച്ച കുടുംബാംഗത്തെ സംബന്ധിച്ച വ്യക്തമായ സൂചന ഉടമയിൽ നിന്നുതന്നെയാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ ശാഖകളിലും മറ്റും വന്ന നിക്ഷേപങ്ങളും പുറത്തേക്കു പോയ തുകകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണ്.
പ്രതികളുമായി രണ്ടു ടീമുകളായി തിരിഞ്ഞുള്ള പോലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. തെളിവെടുപ്പുകൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ഒരുമിച്ച് ഐജി ഹർഷിത അട്ടല്ലൂരി ചോദ്യം ചെയ്യും. അതിനുശേഷം മാത്രമേ പ്രതികളെ കോടതിയിൽ ഹാജരാക്കുകയുള്ളൂ.