പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിൽ. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതിൽ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു. പ്രതികൾക്കെതിരെ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റി, സുരക്ഷിതമായി വകമാറ്റുന്നതിനുള്ള ബുദ്ധി തൃശൂർ സ്വദേശിയായ ഉപദേശകന്റേതാണ്. കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നടന്നുവെന്നതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. നിക്ഷേപം വകമാറ്റാൻ ഉപദേശം നൽകിയെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട ഒരു കരാറിലും ഉപദേശകൻ ഒപ്പിടുകയോ പങ്കാളിയാവുകയോ ചെയ്തിട്ടില്ല. ആസൂത്രണം ചെയ്‌തെങ്കിലും കുറ്റകൃത്യത്തിൽ നിന്ന് ഇയാൾ ബുദ്ധിപൂർവം ഒഴിഞ്ഞു നിന്നു. ഇയാളെ പ്രതി ചേർക്കുന്നതു സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകും.
കമ്പനിയുടെ മുൻ ഉദ്യോഗസ്ഥരിൽ ചിലരിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. പ്രധാനമായും മൂന്നുപേരാണ് ആരോപണ വിധേയർ. പോപ്പുലറിന്റെ പേരിലും ഉടമകളുടെ പേരുമുള്ള സ്വത്തുവകകളിൽ ചിലത് കൈമാറ്റം ചെയ്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ആകെ മൂല്യം തിട്ടപ്പെടുത്തി വരുന്നതേയുള്ളു. പോപ്പുലറിന്റെ വകയാറിലെ ആസ്ഥാന ഓഫീസിലെ ജീവനക്കാരെ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ ഇന്നലെ ചോദ്യം ചെയ്തു. പ്രതികളായ റോയി ഡാനിയേലിനും മക്കൾക്കുമെതിരെ ജീവനക്കാരുടെ മൊഴി നൽകിയതായാണ് സൂചന. തെളിവെടുപ്പു പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. അതിനുശേഷമേ പ്രതികളെ കോടതിയിൽ ഹാജരാക്കൂ.