പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ തട്ടിപ്പ് ആസുത്രണം ചെയ്ത വ്യക്തിയും ഉടമകളും മാസങ്ങൾക്ക് മുൻപ് തന്നെ തട്ടിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പോലീസ്. പോപ്പുലർ ഫിനാൻസ് ഉടമ റോയി, ഭാര്യ പ്രഭ മക്കളായ റീനു, റീബ തുടങ്ങിയവരെ ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടിപ്പിൻ്റെ കഥകൾ പോലീസിന് ബോധ്യമായത്.
ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ നിക്ഷേപകരോട് സാവകാശം തേടി തുടർന്ന് സ്വന്തം പേരിൽ പാപ്പർ ഹർജി നൽകിയ ശേഷം മക്കളായ റീനുവിനെയും റീബയേയും ഓസ്ട്രേലിയയിലേക്ക് കടത്തുക എന്നതായിരുന്നു റോയിയുടെ ലക്ഷ്യം.
ഇതിനിടയിൽ തട്ടിപ്പ് എങ്ങനെ ആസുത്രണം ചെയ്യാം, നിയമ കുരുക്കുകൾ എങ്ങനെ ഒഴിവാക്കാൻ സാധിക്കും, ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ തുടങ്ങുന്നത് എങ്ങനെ, ഇതിനു ശേഷമുള്ള കാര്യങ്ങൾ എങ്ങനെ നടപ്പിൽ വരുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഉടമകൾക്ക് ബുദ്ധി ഉപദേശിച്ചു നൽകിയത് തൃശ്ശൂർ സ്വദേശിയായിരുന്നു. ഇയാളുടെ വിവരങ്ങൾ വളരെ രഹസ്യമായാണ് അന്വേഷണ സംഘം കൈകാര്യം ചെയ്യുന്നത്. ഇതിനിടയിൽ പോലീസിൻ്റെ വിദഗ്ധമായ നീക്കത്തിൽ ഇവർ പിടിയിലായത് പരിപാടി പൊളിയാൻ കാരണമായി.
ബന്ധുക്കൾ താമസിക്കുന്ന ഓസ്ട്രേലിയയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇവർക്ക് നിക്ഷേപമുള്ളതായി അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. വിദേശ ബാങ്കുകളിൽ ഇവർക്ക് അക്കൗണ്ടുകൾ ഉള്ള രേഖകളും അന്വേഷണ സംഘം കണ്ടെത്തി. അതിനാൽ കേസിൽ അന്വേഷണ സംഘം ഇൻ്റർ പോളിൻ്റെ സഹായവും തേടിയിട്ടുണ്ട്.
ഇവർ അനധികൃതമായി തമിഴ്നാട്, ആന്ധ്രപ്രദേശ് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വസ്തുവകകൾ വാങ്ങിക്കുട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ഇവിടെ എത്തിച്ചുള്ള തെളിവെടുപ്പുകളും തുടരുകയാണ്. വ്യാഴാഴ്ച ആന്ധ്രയിലെ നെല്ലൂരിൽ ഉള്ള 12 ഏക്കർ മാവിൻ തോട്ടവും ഇന്നോവ ക്രിസ്റ്റ വാഹനവും കണ്ടുകെട്ടി. ആന്ധ്രയിൽ തന്നെയുള്ള പല സ്ഥലങ്ങളിലും ഏക്കർ കണക്കിന് ഭൂമിയും മറ്റ് ഇടപാടുകളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും.