പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ റോയി ഡാനിയേലിൻ്റെ രണ്ടാമത്തെ മകൾ റിയയേയും പോലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചനകൾ. മാതാപിതാക്കളും സഹോദരിമാരും പിടിയിലായെങ്കിലും റിയ ഒളിവിലായിരുന്നു. തുടർന്ന് ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായതെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതികളായ റോയ് ഡാനിയേൽ ഭാര്യ പ്രഭ മക്കളായ റീനു, റീബ എന്നിവരുമായി പോലീസിൻ്റെ തെളിവെടുപ്പ് തുടരുകയാണ്.
മറ്റു സംസ്ഥാനങ്ങളിൽ ഇവർക്ക് വലിയതോതിൽ ഭൂമി ഉണ്ട്. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ഭൂമി വാങ്ങിയതിെൻറ രേഖകൾ കഴിഞ്ഞദിവസം കുടുംബ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ചിരുന്നു. പ്രതികളെ ഏഴു ദിവസത്തേക്കാണ് ഇപ്പോൾ കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. തെളിവെടുപ്പിന് ഇനിയും സമയം ആവശ്യമായതിനാൽ കൂടുതൽ ദിവസം കസ്റ്റഡി ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.
ഫിനാൻസ് സ്ഥാപനത്തിെൻറ ശാഖകൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ കോന്നി സ്റ്റേഷനിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.