പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നടത്തിയ രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തിരിമിറി കേസിൽ വിവിധ സംസ്ഥാനങ്ങളിലും ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലുമായി വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നു ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം റിയയെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. പോപ്പുലർ ഫിനാൻസ് ഉടമകൾ വിവിധ എൽഎൽപി (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്) കമ്പനികൾ വഴി സ്വീകരിച്ച നിക്ഷേപത്തിന്റെയും അതു വിദേശത്തേക്കടക്കം കടത്തിയതിനെക്കുറിച്ചും അന്വേഷണം ശരിയായ ദിശയിലാണെന്നും കെജി സൈമൺ വ്യക്തമാക്കി.
വിപുലവും ആസൂത്രിതവുമായ തട്ടിപ്പാണു നടന്നത് എന്നതിൽ സംശയമില്ല. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഡൽഹി സംസ്ഥാങ്ങളിലെ ശാഖകൾ വഴിയാണ് പ്രധാനമായും തട്ടിപ്പു നടന്നത്. 350 ശാഖകളിലൂടെ സമാഹരിച്ച നിക്ഷേപത്തെക്കുറിച്ചും അതു കടത്തിയതിനെപ്പറ്റിയും സമഗ്രമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. പലയിടത്തും ഇവർക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ട്. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. പണം നഷ്ടമായവർക്ക് അതു തിരികെ ലഭിക്കുന്നതിനു സൊസൈറ്റി രൂപീകരിക്കണമെന്ന നിർദേശം പോലീസ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടികൾ അന്തിമഘട്ടത്തിലാണ് ഒടുവിൽ അറസ്റ്റ് ചെയ്ത പ്രതി റിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുകയുള്ളു.
അതോടൊപ്പം പോപ്പുലർ ഫിനാൻസ് ഉടമകൾ ആരിൽ നിന്ന് എത്ര പണം വാങ്ങി, ആർക്കൊക്കെ തിരിച്ചുകൊടുത്തു, ബാധ്യത ഏറ്റെടുക്കാൻ ആരെങ്കിലുമുണ്ടോ, രാജ്യത്തിനു പുറത്തേക്കു പോയ പണം എത്രയാണ്, അത് ഏതു രീതിയിൽ വിനിയോഗിച്ചിരിക്കുന്നു, മറ്റാർക്കെങ്കിലും പണം സൂക്ഷിക്കാനായി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലൊക്കെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ബാധ്യതകൾ, അതിനുള്ള പോംവഴികൾ എന്ന കാര്യത്തിൽ ആർബിട്രേഷൻ ബോർഡിന്റേതാകും തീരുമാനമെന്നും എസ് പി പറഞ്ഞു.
കേസിന്റെ അന്വേഷണ പുരോഗതി തേടിയതു പ്രകാരം ഹൈക്കോടതിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസിൽ പോലീസ് അങ്ങേയറ്റം ഊർജ്ജിതമായാണ് പ്രവർത്തിക്കുന്നത്. പ്രതികളായ അഞ്ചു പേരെയും വേഗത്തിൽ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞു. സിബിഐയിൽ പ്രവർത്തിച്ച, സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ള ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പോലീസിൻ്റെ അന്വേഷണം വിജയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.