പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമസ്ഥർ നിക്ഷേപത്തട്ടിപ്പാണ് നടത്തുന്നതെന്ന് അഞ്ചു വര്‍ഷം മുന്‍പ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുന്‍കാല രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് 2015 ല്‍ തന്നെ ഇതു സംബന്ധിച്ച് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വ്യക്‌തമായത്. ഈ റിപ്പോര്‍ട്ട് പൂഴ്‌ത്തിയതുകൊണ്ടാണ് ഇപ്പോഴത്തെ കോടികളുടെ തട്ടിപ്പ് നടന്നത് . നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്ന പോപ്പുലര്‍ ഫിനാന്‍സ് ഏതു നിമിഷവും പൊട്ടാമെന്നും കോടികളുടെ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നും 2015 ല്‍ പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നോണ്‍ ബാങ്കിങ് സ്‌ഥാപനങ്ങള്‍ക്ക് സ്‌ഥിരനിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ആര്‍.ബി.ഐ ഉത്തരവിടുന്നതും ഇതേ വര്‍ഷമായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്നുവെന്ന വിവരം ചോർന്നു കിട്ടിയതിനു പിന്നാലെയാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. അന്ന് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന അന്തരിച്ച ഡിവൈ.എസ്.പി പി.കെ ജഗദീശാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
പോപ്പുലര്‍ ഫിനാന്‍സ് നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിക്കുന്നുവെന്നും തട്ടിപ്പിനുള്ള സകല സാധ്യതകളുമുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് അദ്ദേഹം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇതൊന്ന് മറിച്ചു നോക്കാനോ വേണ്ട നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാര്‍ തയാറായില്ല. പ്രാദേശിക രാഷ്ര്‌ടീയ നേതൃത്വത്തിന്റെ സമ്മര്‍ദവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പോപ്പുലറിനെതിരേ പ്രക്ഷോഭവുമായി ഇതേ രാഷ്‌ട്രീയ കക്ഷികളും രംഗത്തുണ്ട്. 2016 ല്‍ പോപ്പുലറിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചില്‍ കൊള്ള നടന്നു. 22 കിലോ സ്വര്‍ണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ഈ വിവരം പുറത്തു വരുത്താതിരിക്കുന്നതിലും ഉടമകള്‍ വിജയിച്ചു.
നിക്ഷേപ തട്ടിപ്പ് മുതൽ കൊള്ളയടിക്കപ്പെട്ട വിവരങ്ങൾ വരെ എല്ലാം മുത്തശ്ശി മാധ്യമങ്ങൾക്ക് ഉൾപ്പടെ എല്ലാ മാധ്യമങ്ങൾക്കും ലഭിച്ചു എന്ന് മനസ്സിലാക്കി അപകടം മണത്ത പോപ്പുലർ റോയിയും മറ്റുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് കോടിക്കണക്കിന് രൂപ പരസ്യയിനത്തിൽ നൽകിയതോടെ ഇവർ എല്ലാം മൗനം പാലിച്ചു . ഈ മൗനം ആയിരക്കണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെടാനാണ് ഇടയാക്കിയത് . കേസില്‍ ഇപ്പോൾ അഞ്ചു പ്രതികളും അറസ്‌റ്റിലായെങ്കിലും ഇനിയും വിവരങ്ങള്‍ കിട്ടാനുണ്ട്. പ്രതികളെ വീണ്ടും കസ്‌റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.