പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ ഇരയാകേണ്ടി വന്ന പാവങ്ങള്‍ക്ക് ഈ വര്‍ഷം ഓണം ഇല്ല. അവരിപ്പോഴും മങ്ങിപ്പോയ പ്രതീക്ഷകളുടെ തടവറയിലാണ്. പോപ്പുലര്‍ തട്ടിപ്പിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി ഉണ്ടും ഉറങ്ങിയും ഓണം ആഘോഷിക്കുമ്പോള്‍ തട്ടിപ്പിന് ഇരയായവര്‍ ഇനിയുള്ള ജീവിതത്തെ ഭയപ്പെട്ടു കഴിയുന്നു. 50 ല്‍ അധികം നിക്ഷേപകര്‍ ജീവിതത്തെ ഭയന്ന് ആത്മഹത്യ ചെയ്യുകയോ ഹൃദയം പൊട്ടി മരിക്കുകയോ ചെയ്തു. പലരും ആത്മഹത്യയുടെ വക്കിലാണ്. നിക്ഷേപ തുക തിരിച്ചു കിട്ടുമോ, അതോ പൂര്‍ണമായും നഷ്ടപ്പെട്ടു പോയോ എന്ന് പോലും ഈ പാവങ്ങള്‍ക്ക് അറിയില്ല.
മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സ്വരൂപിച്ച പണവും ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ തുകയുമൊക്കെ പോപ്പുലര്‍ ഫിനാന്‍സ് എന്ന തട്ടിപ്പ് പ്രസ്ഥാനത്തില്‍ നിക്ഷേപിച്ച സാധാരണക്കാര്‍ ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്. തുടര്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയ കുട്ടികള്‍ , ചികിത്സിക്കാനോ മരുന്ന് വാങ്ങാനോ പണമില്ലാതെ വലയുന്ന രോഗികളായ നിക്ഷേപകര്‍ , മക്കളുടെ വിവാഹം മുടങ്ങിപ്പോയതില്‍ മനം നൊന്ത് കഴിയുന്ന രക്ഷിതാക്കള്‍ ഇവരെല്ലാം കരിന്തിരി കണക്കെ ജീവിതം തള്ളി നീക്കുകയാണ്.
പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചപ്പോൾ ഇരുപത്തി അഞ്ചോളം കടലാസ് കമ്പനികളുടെ ഷെയർ ആണ് നൽകിയത്. നിക്ഷേപത്തിനു പകരം ഷെയർ ആണ് തങ്ങളുടെ കയ്യിലുള്ളത് എന്ന് നിക്ഷേപകരിൽ ഒരാൾ പോലും അറിഞ്ഞില്ല. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായ ലക്ഷങ്ങളാണ് ഓരോരുത്തർക്കും നഷ്ടമായത്.
നീണ്ട അറുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ നിക്ഷേപകരുടെ വിശ്വാസം ഊട്ടി ഉറപ്പിച്ചതിന് ശേഷമാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. നിക്ഷേപിച്ച പണത്തിന് പകരം നല്‍കിയത് ഇരുപത്തി അഞ്ചോളം കമ്പനികളുടെ സര്‍ട്ടിഫിക്കറ്റ് ആണ്. പോപ്പുലര്‍ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് പലരും തങ്ങളുടെ പക്കലുള്ള സര്‍ട്ടിഫിക്കറ്റ് നോക്കിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അവര്‍ മനസ്സിലാക്കിയത്. ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചത് വെറും കടലാസ് കഷ്ണങ്ങള്‍ മാത്രമാണെന്ന്.
മുപ്പതിനായിരത്തിലധികം നിക്ഷേപകരാണ് തട്ടിപ്പിന് ഇരയായത്. പട്ടിണി കിടന്നും പൊരിവെയിലില്‍ അധ്വാനിച്ചും സ്വരുക്കൂട്ടിയ പണമാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ വിഴുങ്ങിയത്. 1200 കോടി രൂപയോളം നിക്ഷേപകര്‍ക്ക് ലഭിക്കാനുണ്ട്. വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഈ തട്ടിപ്പ്. വിദേശത്തേക്ക് കടന്നു കളയാനായിരുന്നു പ്രതികളുടെ പ്ലാന്‍. നിക്ഷേപ തുകകൾ വകമാറ്റിയതും കെടുകാര്യസ്ഥതയുമാണ് പോപ്പുലർ ഫിനാൻസിനെ തകർത്തത്. 2020 ഫെബ്രുവരി വരെ എല്ലാം ഭദ്രമായിരുന്നു. നിക്ഷേപകർക്ക് കൃത്യമായ പലിശ. പണം പിൻവലിക്കാൻ എത്തുന്നവർക്ക് ഉടന്‍ ഡെപ്പോസിറ്റ് തിരിച്ചു നൽകുക, തുടങ്ങി എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് പോപ്പുലര്‍ ഉടമകള്‍ നിക്ഷേപകരെ ധരിപ്പിച്ചിരുന്നു.
പോപ്പുലർ പൊട്ടിയത് നിക്ഷേപകരെ ഞെട്ടിച്ചങ്കിലും പോപ്പുലർ കുടുംബത്തിലെ വിശ്വസ്തർക്ക് ഒട്ടും അത്ഭുതമില്ല. ബ്രാഞ്ചുകളിൽ പണയം വെയ്ക്കുന്ന സ്വർണ്ണം മറ്റ് ബാങ്കുകളിലേക്ക് കൂടിയ നിരക്കിൽ മറിച്ച് വെച്ചതായിരുന്നു മറ്റൊരു തീക്കളി. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുന്ന തമിഴ്‌നാടിലും മുംബൈയിലും ബംഗളൂരുമൊക്കെയായി 273 ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസ് ആണ് തട്ടിപ്പിന്റെ പടുകുഴിയിൽ നിക്ഷേപകരെ വീഴ്‌ത്തിയത്.