കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ തോമസ് ഡാനിയല്‍(റോയി), മകള്‍ റീനു മറിയം തോമസ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും പ്രതികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ബന്ധങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി ഇ.ഡി ഉദ്യോഗസ്ഥര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്നും വാദിച്ചു. ഇതു കണക്കിലെടുത്താണ് കോടതി ഇവരുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയത്.
നിക്ഷേപകരില്‍ നിന്ന് 1600 കോടിയിലേറെ രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്നും ഈ തുകയുടെ ഏറിയ പങ്കും ദുബായ് വഴി ആസ്ട്രേലിയയിലേക്ക് കടത്തിയെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് ഉടമയായ തോമസ് ഡാനിയലും കുടുംബവും ആസ്ട്രേലിയയിലേക്ക് കടക്കാനുള്ള നീക്കത്തിലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേരളത്തിനകത്തും പുറത്തുമായി 1368 കേസുകളാണ് പ്രതികള്‍ക്കെതിരെ നിലവിലുള്ളത്. തുക ഡോളറാക്കി മാറ്റി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപയോഗിച്ചു വിദേശത്തേക്ക് കടത്തുകയാണ് പ്രതികള്‍ ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.