പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ ബ്രാഞ്ച് മാനേജര്‍മാരുടെയും സോണല്‍ മാനേജര്‍മാരുടെയും വീട്ടുപടിക്കലേക്ക് സമരം വ്യാപിപ്പിക്കുവാന്‍ ഒരുങ്ങുന്നു. മോഹന വാഗ്ദാനങ്ങള്‍ നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിച്ചത് ബ്രാഞ്ചുകളിലെ പ്രധാന ജീവനക്കാരായ ഇവരാണ്. ഓരോ നിക്ഷേപവും പോപ്പുലറില്‍ എത്തിയപ്പോള്‍ വന്‍തുക കമ്മീഷനും ഇവര്‍ പറ്റിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ജീവനക്കാര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും പരാതി നല്‍കിയിട്ടും പോലീസ് ഇവരെ പ്രതി ചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ലെന്നും തട്ടിപ്പിന് ഇരയായവര്‍ പറയുന്നു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പോലീസിന്റെ ഉദാസീനത തുടക്കം മുതല്‍ പ്രകടമായിരുന്നു. തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ പരാതി നല്‍കിയിട്ട് അത് സ്വീകരിക്കുവാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. ബ്രാഞ്ചുകളിലെ മാനേജര്‍മാരും അസിസ്റ്റന്റ് മാനേജര്‍മാരും ഇവരെ നിയന്ത്രിച്ചിരുന്ന സോണല്‍ മാനേജര്‍ക്കും തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ട്. സ്ഥാപനം തകരുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവര്‍ക്കറിയാമായിരുന്നു. ചിലര്‍ തങ്ങള്‍ക്കാവുംവിധം പണം തട്ടിയെടുത്ത് ജോലിയും രാജിവെച്ച് മാറി. പലരും കോടികളുടെ ആസ്തി സ്വന്തമാക്കിക്കഴിഞ്ഞു എന്നാണ് വിവരം. പോപ്പുലര്‍ ഫിനാന്‍സ് പൂട്ടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോലി രാജിവെച്ച നിരവധിപേര്‍ ഉണ്ട്. സമരം ഇവരുടെയും വീട്ടുപടിക്കലേക്ക് നീങ്ങുമെന്നാണ് സൂചന. പോപ്പുലര്‍ ഉടമ റോയിയും കുടുംബവും മാത്രമല്ല പ്രതികള്‍ എന്നും സ്ഥാപനത്തിലെ പ്രധാന ജീവനക്കാര്‍ക്കും തട്ടിപ്പില്‍ മുഖ്യപങ്കുണ്ടെന്നും വ്യക്തമാണ്. തട്ടിപ്പില്‍ മുഖ്യ പങ്ക് വഹിച്ച ജീവനക്കാര്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കൂടി സംഘടിച്ച് തങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തിന് തടയിടാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പോപ്പുലര്‍ ഫിനാന്സിലെ ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളും സ്വത്തുവകകള്‍ സംബന്ധിച്ചും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന കേന്ദ്ര എജന്‍സികള്‍ അന്വേഷണം നടത്തുക, തട്ടിപ്പിന് പ്രത്യക്ഷമായോ പരോക്ഷമായോ സഹായിച്ചിട്ടുള്ള മുഴുവന്‍ പേരെയും പ്രതി ചേര്‍ക്കുക, പ്രതിസ്ഥാനത്ത് വരുന്ന എല്ലാവരുടെയും ബാങ്ക് അക്കൌണ്ടുകളും ആസ്തികളും അടിയന്തിരമായി മരവിപ്പിക്കുക, പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും താമസംവിനാ ലേലം ചെയ്ത് പണം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുക, നിലവില്‍ കണ്ടുകെട്ടിയിട്ടുള്ള സ്വത്തുവകകള്‍ എത്രയുംവേഗം നടപടികള്‍ പൂര്‍ത്തിയാക്കി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് ആശ്വാസധനമായി നല്‍കുക, ബഡ്സ് കോടതികളുടെ പ്രവര്‍ത്തനം സുഗമമാക്കുക, കൊമ്പീറ്റന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം ത്വരിതമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് നിക്ഷേപകര്‍ ഇപ്പോള്‍ മുന്നോട്ടു വെക്കുന്നത്.
പോപ്പുലര്‍ റോയിയുടെ വിശ്വസ്തരായ ചില ജീവനക്കാരാണ് പുറത്തുനിന്ന് പ്രതികള്‍ക്ക് എല്ലാസഹായവും നല്‍കിവരുന്നത്. എതിരാളികളെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഈ ജീവനക്കാര്‍ക്ക് മുഖ്യപങ്കുമുണ്ട്. നിക്ഷേപകരെയും നിക്ഷേപ സംഘടനാ നേതാക്കളെയും ഇവര്‍ സ്വാധീനിക്കാന്‍ നീക്കം ആരംഭിച്ചു. പ്രത്യക്ഷ സമരത്തില്‍ നിന്ന് സംഘടനകളെ പിന്മാറ്റുകയാണ് ലക്‌ഷ്യം. കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നാടകം കളിച്ച് നിക്ഷേപകരെ വീണ്ടും പറ്റിക്കുവാനും ശ്രമം നടക്കുന്നു. കേസുകള്‍ എത്രയുംവേഗം അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് കടക്കുവാന്‍ തയ്യാറെടുക്കുകയാണ് പോപ്പുലര്‍ റോയിയും കുടുംബവും. എന്നാല്‍ ഈ നീക്കത്തിന് തടയൊരുക്കി നിക്ഷേപകരുടെ അഭിഭാഷക ഗ്രൂപ്പും സജീവമായുണ്ട്. പ്രതികളുടെ ഓരോ നീക്കവും സസൂഷ്മം വീക്ഷിക്കുവാന്‍ സ്വകാര്യ ഡിറ്റക്ടീവുകളുടെ സേവനവും ഇവര്‍ ഉപയോഗിക്കുന്നു.
ഇന്ത്യയിലെ പ്രമാദമായ ഏഴ് സാമ്പത്തിക തട്ടിപ്പുകളുടെ കഥപറയുന്ന ഡോക്കുമെന്ററി ഡിസ്ക്കവറി പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു. ഇതിലെ അഞ്ചാമത്തെ എപ്പിസോഡായി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പും ലോകം മുഴുവന്‍ എത്തും. കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കി എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഈ മാസം അവസാനത്തോടെ ഡിസ്ക്കവറി പ്ലസ് ചാനലില്‍ ഇത് പ്രക്ഷേപണം ചെയ്യും. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്ന മാധ്യമം എന്നനിലയില്‍ പത്തനംതിട്ട മീഡിയയും ചീഫ് എഡിറ്ററും ചീഫ് റിപ്പോര്‍ട്ടറുമായ പ്രകാശ് ഇഞ്ചത്താനവും ഡോക്കുമെന്ററിയില്‍ ഉണ്ടാകും. © Pathanamthitta Media