കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിലെ മുഖ്യ പ്രതി തോമസ് ദാനിയേലിന്റെ (റോയി) ജാമ്യാപേക്ഷയില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും ഹൈക്കോടതിയില്‍ വാദം നടന്നു, വാദം നാളെയും തുടരും. അതിനുശേഷം വിധി പറയാന്‍ മാറ്റും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വാദമായിരുന്നു ഇന്ന് കോടതി കേട്ടത്. അഡീഷണല്‍ തോമസ് ദാനിയേലിന് 2022 ഓഗസ്റ്റില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ അന്തിമവിധി വരുന്നത് വരെ ഈ ഇടക്കാല ജാമ്യം തുടരും. പ്രമാദമായ പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ തോമസ് ദാനിയേല്‍, ഭാര്യ പ്രഭാ തോമസ്, പെണ്‍മക്കളായ റിനു, റിയ, റീബ എന്നീ അഞ്ചു പ്രതികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. വിവിധ കേസുകളില്‍ എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്. തോമസ് ദാനിയേലിന് നല്‍കിയ ഇടക്കാല ജാമ്യം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എയും പി.എഫ്.ഡി.എയും പിന്നീട് കക്ഷി ചേരുകയായിരുന്നു. മാസങ്ങളായി കേസ് അവധിക്ക് വെച്ച് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവരും പി.എഫ്.ഡി.എക്കുവേണ്ടി അഡ്വ.ഹരി നായരും ഹാജരായി.
ഇതിനിടയില്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്ത ഡി കാപ്പിറ്റല്‍ പോര്‍ട്ട് ഫോളിയോ എന്ന കമ്പിനി പൂട്ടിക്കിടക്കുന്ന പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞ് മുമ്പോട്ടു വന്നിട്ടുണ്ട്. യു.എ.ഇ എക്സ്ചേഞ്ച് സ്ഥാപകന്‍ തിരുവനന്തപുരം സ്വദേശി ദാനിയേല്‍ വര്‍ഗീസ് ആണ് ഇതിന്റെ മുമ്പില്‍ നില്‍ക്കുന്നത്. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിലെ പ്രതികളുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് ദാനിയേല്‍ വര്‍ഗീസ്. തട്ടിപ്പിനിരയായ നിക്ഷേപകരെ ഓഹരി ഉടമകളാക്കി പുതിയ കമ്പിനി ഉണ്ടാക്കുകയും കാലക്രമേണ ലഭിക്കുന്ന ലാഭം നിക്ഷേപകര്‍ക്ക് ഗഡുക്കളായി മടക്കി നല്‍കാമെന്നുമാണ് വാഗ്ദാനം. എന്നാല്‍ ഇത് വെറും തട്ടിപ്പ് മാത്രമാണെന്നും ദാനിയേല്‍ വര്‍ഗീസിന്റെ പിന്നില്‍ പോപ്പുലര്‍ പ്രതികള്‍ ആണെന്നും തങ്ങളെ വീണ്ടും തട്ടിപ്പിനിരയാക്കുവാനുള്ള ഗൂഡ ശ്രമമാണ് നടക്കുന്നതെന്നും നിക്ഷേപകര്‍ പറയുന്നു. അടുത്തനാളില്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്ത കമ്പിനിക്ക് കാര്യമായ മൂലധനമോ പ്രവര്‍ത്തന പരിചയമോ ഇല്ല. തട്ടിപ്പിനിരയായ നിക്ഷേപകരെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭവിഹിതം നല്‍കാമെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും നിക്ഷേപകര്‍ ചോദിക്കുന്നു. ഡി കാപ്പിറ്റല്‍ പോര്‍ട്ട് ഫോളിയോ കമ്പിനിയുടെ സാമ്പത്തിക ഭദ്രത അന്വേഷിക്കണമെന്നും ഏറ്റെടുക്കല്‍ നടപടിയുടെ സുതാര്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ന്യൂട്ടന്‍സ് ലോ അഭിഭാഷകര്‍ മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേലും(റോയി) ഡി കാപ്പിറ്റല്‍ പോര്‍ട്ട് ഫോളിയോ ചെയര്‍മാന്‍ ഡാനിയേല്‍ വര്‍ഗീസും ഇതില്‍ പ്രതികളാണ്.
പോപ്പുലര്‍ പ്രതികളുടെ സ്വത്തുക്കള്‍ കേന്ദ്ര ഏജന്‍സികള്‍ കണ്ടുകെട്ടിയിരുന്നു. ഇവ ലേലം ചെയ്യുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ലേല നടപടികള്‍ തടയണമെന്നും സ്വത്തുക്കള്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് യാതൊരു സാമ്പത്തിക ഭദ്രതയും ഇല്ലാത്ത ഡി കാപ്പിറ്റല്‍ എന്ന ദുബായ് കമ്പിനി തങ്ങളുടെ വാഗ്ദാനവുമായി രംഗത്ത് വന്നത്. നിക്ഷേപകരെ ആശയക്കുഴപ്പത്തിലും അഭിപ്രായ വ്യത്യാസത്തിലും കൊണ്ടെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോപ്പുലര്‍ കമ്പിനിയില്‍ പണം നിക്ഷേപിച്ചവര്‍ വര്‍ഷങ്ങളായി നീതിക്കുവേണ്ടി പോരാടുകയാണ്. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ഡി കാപ്പിറ്റല്‍ എന്ന കമ്പിനിയുമായി ഒരു നിയമനടപടി വന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നും തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ഇനിയുമൊരു തട്ടിപ്പില്‍ തങ്ങള്‍ ആരും പെടില്ലെന്നും പണം പോയവര്‍ പറയുന്നു.