കൊച്ചി : പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം തൃശ്ശൂരിലുള്ള എല്‍.എല്‍.പി. കമ്പിനിയിലേക്ക് മാറ്റിയതായി തെളിഞ്ഞു. പോപ്പുലര്‍ മാനേജിങ് ഡയറക്ടര്‍ തോമസ് ദാനിയേലിന്റെ മകള്‍ റിനു മറിയം നേരിട്ട് നടത്തുന്ന മേരി റാണി നിധി ലിമിറ്റഡിലേക്കാണ് മാറ്റിയത്.
കേരളത്തില്‍ നൂറുശാഖയുള്ള ഈ കമ്പിനിക്ക് നിക്ഷേപങ്ങള്‍ കുറവാണ്. സ്വര്‍ണപ്പണയവായ്പയാണ് പ്രധാനം. വകയാര്‍ പോപ്പുലറിലെ നിക്ഷേപങ്ങള്‍ വഴിമാറ്റിയാണ് മേരി റാണി നിധിക്ക് മൂലധനം കണ്ടെത്തിയത്. റീനുവിന്റെ ഭര്‍തൃവീട്ടുകാര്‍ക്കും ഈ സ്ഥാപനത്തില്‍ പങ്കുള്ളതായി അന്വേഷണോദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. ഓസ്ട്രേലിയയിലേക്കും സ്വത്തുക്കള്‍ കൊണ്ടു പോയിട്ടുണ്ട്. അതിനിടെ പോപ്പുലര്‍ ഫണ്ട് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകരമായി മാറുമായിരുന്ന ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന ഡി.ജി.പി.യുടെ ഉത്തരവ് ഹൈക്കോടതി ഇടപെടലോടെ അടച്ചു പൂട്ടി. ഇങ്ങനെ പോലീസിന്റെ തലപ്പത്ത് നിന്ന് ഒരു ഉത്തരവ് ഉണ്ടായത് മനപ്പൂര്‍വ്വം പ്രതികളെ സഹായിക്കാനാണോ എന്നും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. പോപ്പുലര്‍ ഉടമകള്‍ക്ക് കേരളത്തിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റവും അടുത്ത ബന്ധമുള്ളതായും ആരോപണമുണ്ട്.
കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കും. ഓരോ പരാതിയിലും പറയുന്നത് ഓരോ ഇടപാടുകളെക്കുറിച്ചാണ്. ഒരു എഫ്.ഐ.ആര്‍. മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ കേസില്‍ പ്രതികള്‍ക്ക് ഒരു ജാമ്യംമാത്രം എടുത്താല്‍ ജയിലില്‍നിന്ന് പുറത്തുവരാന്‍ സാധിക്കും. ഇത് ചൂണ്ടിക്കാട്ടിയതിനാലാണ് കേസില്‍ പ്രത്യേകം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതും. സി.ആര്‍.പി.സി. 154 പ്രകാരം ഗൗരവമായ കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചാല്‍ ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം. 2014-ലെ ലളിതാകുമാരി കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവിലും ഇത് പറയുന്നുണ്ട്. എന്നാല്‍ പല സ്റ്റേഷനുകളില്‍ പലപ്പോഴായി എത്തുന്ന കേസുകളില്‍ ഒരുമിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാകുമ്പോള്‍ ഇത് ലംഘിക്കപ്പെടും.
ഒരേവര്‍ഷംനടന്ന ഒരേ സാമ്പത്തിക കൈമാറ്റവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യം വരെയാണെങ്കില്‍ ഒരുമിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാമെന്ന് സി.ആര്‍.പി.സി.യില്‍ വ്യവസ്ഥയുണ്ട്. പക്ഷേ ഇങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കേസില്‍ ഒരേ പ്രതിയും ഒരേ വാദിയുമായിരിക്കണം. പോപ്പുലര്‍ ഫണ്ട് തട്ടിപ്പുകേസില്‍ പ്രതി ഒരാളാണെങ്കിലും വാദികള്‍ വെവ്വേറെയാണ്. കോന്നിയിലുള്ള പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന പേരിലാണ് ഒറ്റ എഫ്.ഐ.ആര്‍. മതിയെന്ന നിര്‍ദ്ദേശം ഡി.ജി.പി. നല്‍കിയത്. എന്നാല്‍ തട്ടിപ്പുനടന്നത് പല ബ്രാഞ്ചിലൂടെയായതിനാല്‍ ഓരോ പരാതിയിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് 3500-ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്രയും എഫ്.ഐ.ആര്‍. ഇനി പോലീസ് രജിസ്റ്റര്‍ ചെയ്യണം. 300 കോടിയുടെ കാര്യത്തിലേ പ്രതികള്‍ക്ക് പത്തനംതിട്ട കോടതിയില്‍ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിത്തുക എവിടെയാണെന്നറിയാന്‍ വിശദമായ അന്വേഷണം ആവശ്യമാണ്. കേസിന്റെ അന്വേഷണം സിബിഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നല്‍കിയ കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട അതോറിറ്റി ഉടന്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.