ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ടിനുമേല്‍ കുരുക്ക് മുറുക്കി എന്‍ഐഎ. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍ പിടിയിലാകും. റെയ്ഡ് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. എഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു.
ഈ സന്ദര്‍ശനവേളയിലാണ് സംസ്ഥാന പോലീസ് മേധാവിയുമായി പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കത്തെക്കുറിച്ച് ഡോവല്‍ സംസാരിച്ചത്. ഡല്‍ഹിയിലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാക്കളെ എന്‍ഐഎ ആസ്ഥാനത്ത് വിശദമായി ചോദ്യം ചെയ്തു. ഇന്നലെ നടന്ന റെയ്ഡില്‍ അറസ്റ്റിലായവരെ വിവിധ കോടതികളില്‍ ഹാജരാക്കി. കൂടുതല്‍പേര്‍ക്കെതിരെ നടപടിയുണ്ടാകും.