ആലപ്പുഴ : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിലെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് പിടിയിലായത്. നവാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഭിഭാഷക പരിഷത് നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ്, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കളെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ് ദേവ് പറഞ്ഞു. എഫ്‌ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തു വിട്ടു. ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനു നേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ച ശേഷമാണ് വിദ്വേഷ മുദ്രാവാക്യത്തില്‍ കഴിഞ്ഞ രാത്രി പോലീസ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും റാലിയുടെ സംഘാടകര്‍ എന്ന നിലയില്‍ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെയും ചോദ്യം ചെയ്യും.