പത്തനംതിട്ട : മൂവായിരം കോടിയോളം രൂപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ അറസ്റ്റിലായതോടെ കൂടുതല്‍ അന്വേഷണവുമായി പോലീസും സര്‍ക്കാരും. കോടികള്‍ വിദേശത്തേക്ക് കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് കൂടുതല്‍ വിപുലമായ അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടുവാന്‍ കേരള പോലീസ് നീക്കം ആരംഭിച്ചു.
മൂന്നു വര്‍ഷത്തെ വ്യക്തമായ പ്ലാനിങ്ങോടെ നടത്തിയതാണ് ഈ സാമ്പത്തിക തട്ടിപ്പെന്നാണ് ലഭിക്കുന്ന സൂചനകള്‍. തട്ടിപ്പിന് ചില അഭിഭാഷകരുടെ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉടമകള്‍ കുടുംബത്തോടെ ഓസ്ട്രേലിയയിലേക്ക് കടക്കുവാനായിരുന്നു പ്ലാന്‍ ചെയ്തത്. ബ്രാഞ്ചുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ജീവനക്കാര്‍ മുഖേന നിക്ഷേപകരെ പിടിച്ചു നിര്‍ത്തിയിരുന്നു. ഡെപ്പോസിറ്റ് പണം മടക്കിനല്‍കാന്‍ 45 ദിവസത്തെ സമയം നിക്ഷേപകരോട് ആവശ്യപ്പെടുമ്പോഴും 16000 പേജുള്ള പാപ്പര്‍ ഹര്‍ജി ഉടമകള്‍ തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍ ഇതൊന്നും ബ്രാഞ്ച് മാനേജര്‍മാര്‍ പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഈ തട്ടിപ്പില്‍ ചില മാനേജര്‍മാര്‍ക്ക് പങ്കുണ്ടെന്നും സംശയിക്കുന്നു. പോപ്പുലര്‍ സ്ഥാപനങ്ങളില്‍ പ്രശ്നങ്ങള്‍ രൂക്ഷമായ കഴിഞ്ഞ ദിവസങ്ങളിലും ചില ബ്രാഞ്ചുകളില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചെന്നും പണയ ഇടപാടുകള്‍ നടത്തിയെന്നും സൂചന ലഭിക്കുന്നു.
പോപ്പുലർ നിക്ഷേപ തട്ടിപ്പ് പ്രതികളായ റോയി ഡാനിയേൽ , പ്രഭ തോമസ് , മക്കളായ റിനു മറിയം തോമസ് , റിയ ആൻ തോമസ് എന്നീ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും ഓൺലൈൻ വഴിയായിരിക്കും ഇവരെ ഹാജരാക്കുന്നത് .കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം .
അതേ സമയം പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതികളായ റോയ് തോമസും പ്രഭ തോമസും രണ്ടാഴ്ചയായി തിരുവല്ല ഇടിഞ്ഞില്ലത്തെ ലോഡ്ജിൽ ഒളിവിലായിരുന്നുവെന്ന് പോലീസ് . മക്കൾ ഡൽഹിയിൽ പിടിയിലായ വാർത്ത അറിഞ്ഞാണ് ഇവർ കീഴടങ്ങിയത് എന്നാണ് പോലീസ് പറയുന്നത് .
റോയിയുടെ മക്കളുടെ ഭർത്താക്കന്മാരുടെ പേരിലുളള സംരംഭങ്ങളിലേക്കാണ് ഇവർ നിക്ഷേപം മാറ്റിയിരിക്കുന്നത് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം നിക്ഷേപങ്ങൾ വിദേശത്തേക്ക് കടത്തിയതായുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ഈ സാഹചര്യത്തിൽ വിദേശത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനും തീരുമാനമായി
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിൽ ഇരുപത്തി അഞ്ച് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് ഇപ്പോൾ രൂപം നൽകിയിരിക്കുന്നത് . ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.