കൊച്ചി : പോപ്പുലര്‍ നിക്ഷേപകരുടെ തുടര്‍ച്ചയായ നിയമപോരാട്ടത്തിലൂടെ കേരളത്തില്‍ BUDS നിയമങ്ങളും ചട്ടങ്ങളും ബഡ്സ് കോടതിയും നിലവില്‍ വന്നെങ്കിലും ക്ലെയിം ഫോർമാറ്റിന്റെ രൂപരേഖ തയ്യാറായിരുന്നില്ല. ഇതുമൂലം തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് തങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം സംബന്ധിച്ച് ബഡ്സ് കോടതിയില്‍ ക്ലയിം പെറ്റീഷന്‍ ഫയല്‍ ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. കേസുകള്‍ അനന്തമായി നീണ്ടുപോകുന്നതിനും ഇത് കാരണമായി. ക്ലയിം പെറ്റീഷന്‍ ഫോം തയ്യാറാക്കി നല്‍കുന്നതില്‍ കൊമ്പിറ്റന്റ് അതോറിറ്റിയും ആഭ്യന്തര വകുപ്പും വീഴ്ചയും വരുത്തി. ഇതിനെതിരെ പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്‌സ് അസോസിയേഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാതൃകാ ക്ലയിം പെറ്റീഷന്‍ ഫോം തയ്യാറാക്കി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പി.ജി.ഐ.എ ക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവരാണ് ക്ലയിം പെറ്റീഷന്‍ മാതൃക തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഈ മാതൃകാ ഫോം ഇപ്പോള്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച് തുടര്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഇതോടെ നിക്ഷേപകര്‍ക്ക് തങ്ങളുടെ ക്ലയിം പെറ്റീഷനുകള്‍ സമര്‍പ്പിക്കുവാന്‍ അവസരം ഒരുങ്ങുകയാണ്. പ്രത്യേക വെബ് സൈറ്റിലാണ് ക്ലയിം പെറ്റീഷനുകള്‍ അപ് ലോഡ് ചെയ്യേണ്ടത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് നിക്ഷേപകര്‍ക്ക് ക്ലയിം പെറ്റീഷനുകള്‍ സമര്‍പ്പിക്കാം. ഇനിമുതല്‍ കേരളത്തിലെ എല്ലാ നിക്ഷേപ തട്ടിപ്പുകള്‍ക്കും ബഡ്സ് കോടതിയില്‍ സമര്‍പ്പിക്കേണ്ടത് ഈ ക്ലയിം പെറ്റീഷന്‍ ഫോം ആയിരിക്കും. ക്ലയിം പെറ്റീഷന്‍ ഫോമില്‍ പതിനാലോളം വിവരങ്ങള്‍ നിക്ഷേപകന്‍ പൂരിപ്പിച്ചു നല്‍കണം. പോപ്പുലര്‍ കേസില്‍ ആലപ്പുഴയിലെ ബഡ്സ് കോടതി ഈ പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കും. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ കണ്ടുകെട്ടിയ സ്വത്തുവകകള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.